തിരുവനന്തപുരം- ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയിലൂടെ സംസ്ഥാന സർക്കാറിനെതിരെ കോൺഗ്രസും ബി.ജെ.പിയും ഗൂഢാലോചന നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്ത്രീകളെ ശബരിമലയിൽ കൊണ്ടുപോകാനും വരാനും സിപിഐ എം ഇടപെടില്ലെന്നും അയ്യപ്പഭക്തരായ പുരുഷന്മാരുടെ ആരാധനാസ്വാതന്ത്ര്യത്തിലും സിപിഐ എം ഇടപെട്ടിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ഇഷ്ടമുള്ളവർക്ക് പോകാം. ഇഷ്ടമില്ലാത്തവർ പോകണ്ട എന്ന നിലപാടാണ് ഞങ്ങൾ സ്വീകരിച്ചിട്ടുള്ളത്. അതെല്ലാം വിസ്മരിച്ച് വിശ്വാസികളുടെ വിശ്വാസത്തെ അടിച്ചമർത്താൻ സിപിഐ എം ഇടപെടുന്നു എന്ന് ആരോപിക്കുന്നത് അസംബന്ധമാണെന്നും കോടിയേരി പറഞ്ഞു.
കലക്കവെള്ളത്തിൽ മീൻ പിടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള സങ്കുചിത രാഷ്ട്രീയക്കളിയിൽ സംസ്ഥാനത്തെ കോൺഗ്രസ്-ബിജെപി നേതൃത്വങ്ങൾ കൈകോർക്കുകയാണ്. ശബരിമലയുടെ ശാന്തിയും സമാധാനവും തകർക്കാനുള്ള സങ്കുചിത രാഷ്ട്രീയനീക്കത്തെ പ്രബുദ്ധരായ വിശ്വാസികൾ തള്ളും എന്ന് ഉറപ്പാണ്.
അനാചാരങ്ങളും വിവേചനവും ഇല്ലാതാക്കാൻ ക്ഷേത്രങ്ങളിൽ സാമൂഹ്യ പരിഷ്‌കരണത്തിന്റെ വെള്ളിവെളിച്ചം എൽഡിഎഫ് ഭരണകാലത്ത് പരക്കുന്നുണ്ട്. ഇതിന്റെ ഫലമായി ശ്രീകോവിലിൽ പൂജചെയ്യാൻ ദേവസ്വം ക്ഷേത്രങ്ങളിൽ പോലും ഇതുവരെ സ്വാതന്ത്ര്യം കിട്ടാതിരുന്ന വിഭാഗങ്ങൾക്ക്, എൽഡിഎഫ് സർക്കാരിന്റെ നയത്തിന്റെയും തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ അനുമതി ലഭിച്ചു. അങ്ങനെയാണ് വേദമന്ത്രങ്ങൾ അഭ്യസിച്ച ദളിതർ ക്ഷേത്രപൂജാരിമാരായിരിക്കുന്നത്. ഇത്തരം സാമൂഹ്യവിപ്ലവ പ്രക്രിയയെ ബലപ്പെടുത്തുന്നതാണ് പ്രായഭേദമെന്യേ സ്ത്രീകൾക്ക് ലഭിക്കുന്ന ശബരിമല പ്രവേശനം.
സുപ്രീംകോടതി വിധിയിലൂടെയാണ് സ്ത്രീപദവി ഉയർത്തുന്ന ആരാധനയിലെ വിവേചനം അവസാനിപ്പിക്കുന്ന നടപടിക്ക് വഴിതുറന്നിരിക്കുന്നത്. നവോത്ഥാനസാമൂഹ്യപരിഷ്‌കരണ ചിന്തയുള്ളവർ ഇതിനെ തുരങ്കംവയ്ക്കാൻ ഇറങ്ങില്ല. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് വികാരംകൊള്ളിച്ച് സമരത്തിനിറക്കി താൽക്കാലിക നേട്ടമുണ്ടാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്.
പന്ത്രണ്ട് വർഷം കേസ് നടന്നപ്പോൾ അതിലിടപെടാൻ എത്രയോ അവസരങ്ങൾ ഉണ്ടായിരുന്നു. കേന്ദ്രസർക്കാരിനെക്കൊണ്ട് നിലപാട് സ്വീകരിക്കാൻ സമ്മർദം ചെലുത്താമായിരുന്നില്ലേ. ഇനിയും വേണമെങ്കിൽ പുനഃപരിശോധനാ ഹർജി നൽകാമല്ലോ. ഇങ്ങനെയുള്ള നിയമവഴികൾ തേടാതെ എൽഡിഎഫ് സർക്കാരിനെതിരെ ഒരുവിഭാഗം അയ്യപ്പഭക്തന്മാരെ സമരത്തിന് ഇറക്കിവിടാനും ശബരിമലയുടെ ശാന്തി തകർക്കാനുമുള്ള നീക്കം വിപൽക്കരമാണ്്-കോടിയേരി പറഞ്ഞു.
പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പാക്കുന്നത് തടയാൻ ശ്രമിക്കുമ്പോഴാണ് വിശ്വാസത്തെ അടിച്ചമർത്തുന്ന പ്രവണത തലയുയർത്തുന്നത്. ആ പണിക്ക് ബിജെപികോൺഗ്രസ് നേതാക്കൾ ഇറങ്ങി പുറപ്പെടുന്നത് ഭരണഘടനാവിരുദ്ധവും സ്ത്രീസ്വാതന്ത്ര്യ നിഷേധവുമാണ്.
പുരുഷന്റെ തുല്യപങ്കാളിയെന്ന നിലയിൽ സ്ത്രീയുടെ പദവി മെച്ചപ്പെടുത്താൻകൂടി ഉപകരിക്കുന്നതാണ് ശബരിമല സ്ത്രീപ്രവേശനം. സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മാത്രമല്ല, നവോത്ഥാനപരമായ കടമയും കേരളസമൂഹത്തിനുണ്ട്. ബി ജെ പിയും കോൺഗ്രസും ഒരേപോലെ അത് മറന്നുപോകുന്നു-കോടിയേരി വ്യക്തമാക്കി.