തിരുവനന്തപുരം- പ്രളയം തകർത്തെറിഞ്ഞ കേരളം പുനർനർമിക്കുമ്പോൾ പ്രതിപക്ഷം അടങ്ങുന്ന ഉന്നതാധികാര സമിതി മേൽനോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയം നേരിട്ട് റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരെ ആദരിക്കുന്നതിനായി കേരള പത്രപ്രവർത്തക യൂനിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കേസരി സ്മാരക ജേർണലിസ്റ്റ് ട്രസ്റ്റും സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയബാധിതരായ എല്ലാവരെയും എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കും. ഇനിയുണ്ടാവുന്ന ദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലായിരിക്കും പുനർനിർമ്മാണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുനർനിർമ്മാണത്തിന് ആവശ്യമായ പണമില്ലെന്നതാണ് പ്രശ്‌നം. ആരെയും ഭീഷണിപ്പെടുത്തിയോ നിർബന്ധിച്ചോ സഹായം വാങ്ങാനല്ല ശ്രമിച്ചത്. സ്വമേധയാ ആണ് ജനങ്ങൾ സംഭാവന നൽകുന്നത്. ദുരിതത്തിൽ സഹായിക്കുന്നതിൽ കേന്ദ്രസർക്കാർ നല്ല സമീപനമാണ് കാണിച്ചത്. ഫലപ്രദമായ സഹായം ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലഭിക്കുന്ന സഹായത്തിന് പരിധിയുള്ളതിനാലാണ് 5000 കോടിയുടെ പ്രത്യേക പാക്കേജ് വേണമെന്നാവശ്യപ്പെട്ടത്.
സംസ്ഥാനത്തെ ദുരിതത്തിലാക്കിയ പ്രളയത്തിൽ സമചിത്തതയോടെയും സന്ദർഭത്തിന്റെ ഗൗരവം ഉൾക്കൊണ്ടുമാണ് മാധ്യമങ്ങൾ പ്രവർത്തിച്ചത്. ആപത്തിനെക്കുറിച്ച് ചിന്തിക്കാതെയാണ് പ്രളയത്തിൽ മാധ്യമ പ്രവർത്തകർ തങ്ങളുടെ ജോലി ചെയ്തതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ 'മലയാളം ന്യൂസ്'ആലപ്പുഴ ലേഖകൻ മുഹമ്മദ് ഷാഫി, പത്തനംതിട്ട ലേഖകൻ ഹരി ഇലന്തൂർ എന്നിവരടക്കം കേരളത്തിന്റെ പല ഭാഗങ്ങളിൽനിന്നുമെത്തിയ വിവിധ സ്ഥാപനങ്ങളിലെ 224 മാധ്യമപ്രവർത്തകരെ ആദരിച്ചു. യൂനിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷനായി.
മന്ത്രിമാരായ ജി. സുധാകരൻ, ഇ. ചന്ദ്രശേഖരൻ, സെക്രട്ടറി ആർ. കിരൺബാബു, ആർ. നൗഷാദ് എന്നിവർ സംസാരിച്ചു. ജസ്റ്റീന തോമസ് നന്ദി പറഞ്ഞു. പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് യൂനിയൻ ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറി.