തിരുവനന്തപുരം- പെട്രോല്‍, ഡീസല്‍ നികുതി കേരളം കുറക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. എക്‌സൈസ് തീരുവ ഒന്നര രൂപയടക്കം രണ്ടര രൂപയുടെ ഇളവ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോടും രണ്ടര രൂപയെങ്കിലും കുറക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് പ്രതിരകരിക്കുകയായിരുന്നു മന്ത്രി. ഒമ്പത് രൂപയോളം വര്‍ധിപ്പിച്ച ശേഷമാണ് കേന്ദ്രം 1.50 രൂപ തീരുവയില്‍ കുറവ് വരുത്തിയത്. ഡീസലിന് 14 രൂപയും നികുതി കൂട്ടി. കേന്ദ്രം കൂട്ടിയ മുഴുവന്‍ തുകയും കുറക്കട്ടെ. അതിനു ശേഷം സംസ്ഥാനം നികുതി കുറക്കുന്നത് ആലോചിക്കാമെന്നും ഐസക് പറഞ്ഞു. കേന്ദ്ര നിര്‍ദേശ പ്രകാരം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങല്‍ രണ്ടര രൂപ വീതം വീണ്ടും നികുതി വെട്ടിക്കുറച്ചു.