ന്യുദല്‍ഹി- കുത്തനെ ഉയര്‍ന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധനയില്‍ നേരിയ ആശ്വാസം പകര്‍ന്ന് ഇന്ധന വിലയില്‍ 2.50 രൂപ വെട്ടിക്കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രം ഈടാക്കുന്ന എക്‌സൈസ് തീരുവയില്‍ 1.50 രൂപയും എണ്ണക്കമ്പനികള്‍ ഒരു രൂപയുമാണ് കുറക്കുകയെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പെട്രോളിനും ഡീസലിനും സംസ്ഥാനങ്ങള്‍ ഈടാക്കുന്ന മൂല്യ വര്‍ധിത നികുതിയില്‍ (വാറ്റ്) 2.50 രൂപ കൂടി കുറക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്നും ജെയ്റ്റ്‌ലി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ സമിതി യോഗത്തിനു ശേഷമാണ് ജെയറ്റ്‌ലി വില കുറച്ചത് പ്രഖ്യാപിച്ചത്. രാജ്യാന്തര വിപണിയിലെ ഇന്ധന വിലവര്‍ധനയും മറ്റു പല അന്താരാഷ്ട്ര ഘടകങ്ങളുമാണ് ഇന്ധന വിലവര്‍ധനക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.