ന്യുദല്‍ഹി- വന്‍തോതില്‍ എണ്ണ ഇറക്കു മതി ചെയ്യുന്നതാണ് ഇന്ത്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ കാരണമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി. രൂപയുടെ മൂല്യത്തകര്‍ച്ചയും വിടവ് കൂടി വരുന്ന വ്യാപാരക്കമ്മിയും ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തിനു മുന്നോടിയായാണ് ഗഡ്ക്കരി ഇങ്ങനെ പറഞ്ഞത്. ലോകത്ത് മൂന്നാമത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ 80 ശതമാനം എണ്ണയും വിദേശവിപണികളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. രാജ്യാന്തര എണ്ണ വിപണിയിലെ വില വ്യതിയാനവും ഡോളറിനെതിരായ രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇന്ത്യ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി. ഈ വര്‍ഷം ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 13 ശതമാനമാണ് ഇടിവുണ്ടായത്. ഇത് രാജ്യത്തിന്റെ എണ്ണ ഇറക്കുമതി ചെലവ് ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുകയാണ്.