മുംബൈ- കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയതിന് പിന്നാലെ മഹാരാഷ്ട്ര അസംബ്ലിയിൽനിന്ന് ബി.ജെ.പി എം.എൽ.എ രാജിവെച്ചു. ആശിഷ് ദേശ്മുഖാണ് പാർട്ടിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേരുമെന്ന് പ്രഖ്യാപിച്ചത്. എം.എൽ.എ സ്ഥാനത്ത്‌നിന്ന് രാജിവെച്ചുള്ള കത്ത് സ്പീക്കർക്ക് കൈമാറി. റഫേൽ ഇടപാടിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും ബി.ജെ.പി പ്രഖ്യാപിക്കുന്ന പദ്ധതികളൊന്നും ജനങ്ങൾക്ക് ഉപകാരപ്പെടുന്നതല്ലെന്നും ആശിഷ് ദേശ്മുഖ് ആരോപിച്ചു. കഴിഞ്ഞ ദിവസം വാർധയിൽ വെച്ചാണ രാഹുലും ആശിഷ് ദേശ്മുഖും കൂടിക്കാഴ്ച്ച നടത്തിയത്. രാഹുൽ ഗാന്ധിയിൽ രാജ്യത്തെ യുവജനങ്ങൾ പ്രതീക്ഷയർപ്പിക്കുന്നതായും ആശിഷ് അഭിപ്രായപ്പെട്ടിരുന്നു.
വിദർഭ മേഖലയിലെ കടോൾ അസംബ്ലി മണ്ഡലത്തെയാണ് ഇദ്ദേഹം നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. അതേസമയം, ഇദ്ദേഹത്തിന്റെ രാജി ഉടൻ സ്വീകരിക്കാൻ ഇടയില്ല. സംസ്ഥാന നിയമസഭയുടെ വിന്റർ സെഷൻ അടുത്ത മാസം നടക്കാനിരിക്കെ ഉടൻ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകരുതെന്ന നിലപാടിലാണ് ബി.ജെ.പി.