Sorry, you need to enable JavaScript to visit this website.

ശബരിമലയിലേക്ക് സ്ത്രീകൾ കൂടുതൽ എത്തുന്നത് മഹത്തായ കാര്യമെന്ന് ബി.ജെ.പി മുഖപത്രം

കൊച്ചി- ശബരിമലയിലേക്ക് യുവതി പ്രവേശം അനുവദിച്ച സുപ്രീം കോടതി വിധിയിൽ ഹൈന്ദവ സംഘടനകളുടെ നിലപാടിനെ തള്ളി പാർട്ടി പത്രത്തിൽ മുഖലേഖനം. സുപ്രീം കോടതി വിധിയെ അനുകൂലിച്ചും യുവതി പ്രവേശനത്തെ പിന്തുണച്ചുമാണ് ലേഖനം. ഭാരതീയ വിചാരകേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ കൂടിയായ ആർ. സഞ്ജയനാണ് ലേഖനം എഴുതിയത്. ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുംപെട്ട സ്ത്രീകൾക്ക് ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് സെപ്തംബർ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിൽ ചിലർ ഹിന്ദു സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ പരിശ്രമിക്കുകയാണെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. 
സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കൽപ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല.  സ്ത്രീ തീർത്ഥാടകർ (മാളികപ്പുറങ്ങൾ) കൂടുതൽ എത്തുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വർദ്ധിപ്പിക്കാനേ ഇടയാക്കൂവെന്നും ലേഖനം സമർത്ഥിക്കുന്നു. 
ഹിന്ദു ധർമത്തെയോ സമൂഹത്തെയോ മൊത്തത്തിൽ പ്രതികൂലമായി ബാധിക്കുന്ന ഒന്നുംതന്നെ ആ വിധി തീർപ്പിലില്ല. 10മുതൽ 50 പ്രായപരിധിയിലുള്ള സ്ത്രീകളുടെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഒരു കീഴ്‌നടപ്പിനെയാണ് കോടതി അസാധുവാക്കിയത്. ഈ കീഴ്‌നടപ്പിനാകട്ടെ, ധർമ്മതന്ത്ര ശാസ്ത്രങ്ങളുടേയോ മതിയായ യുക്തിയുടെയോ പിൻബലമുള്ളതായി സ്ഥാപിക്കാൻ ആർക്കും കഴിഞ്ഞിട്ടുമില്ല. 

കുട്ടികളുടെ ചോറൂണുപോലുള്ള ചടങ്ങുകൾക്കായി പണ്ടുമുതലേ ഭക്തരായ സ്ത്രീകൾ ദേവസ്വം അധികൃതരുടെ അറിവോടെ ക്ഷേത്രം സന്ദർശിക്കാറുണ്ടായിരുന്നു എന്നാണ് അറിയുന്നത്. 1991 ലെ കേരള ഹൈക്കോടതിയുടെ ഒരുത്തരവോടെയാണ് സ്ത്രീപ്രവേശന നിരോധനത്തിന് നിയമപരമായ അടിത്തറ ലഭിച്ചത്. അതാണ് ഇപ്പോൾ സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് ദുർബ്ബലപ്പെടുത്തിയത്. ഒരു പ്രത്യേക പ്രായപരിധിയിൽപ്പെട്ട സ്ത്രീകൾക്ക് ശബരിമലയിൽ ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് വിവേചനപരമാണെന്നും, അത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശത്തിന് എതിരാണെന്നും ഉള്ള പരാതിയിൻമേലാണ് സുപ്രീംകോടതി, വ്യത്യസ്ത വീഷണഗതിക്കാരുടെ വാദം കേട്ടശേഷം പുതിയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. 

ശബരിമലയിലെ സ്ത്രീ പ്രവേശന നിരോധനം ഏതെങ്കിലും ഒരു മതവിശ്വാസത്തിന്റെ അനിവാര്യമായ ഭാഗം അല്ല എന്നാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. മത സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് മറ്റ് മൗലികാവകാശങ്ങൾക്ക് വിരുദ്ധമാകാൻ പാടില്ല എന്നത് ഭരണഘടനാപരമായ നിഷ്‌കർഷയുമാണ്. ഈ പശ്ചാത്തലത്തിൽ നോക്കുമ്പോൾ കോടതി ഉത്തരവിന്റെ അന്തഃസത്തയോട് വിയോജിക്കാൻ കഴിയില്ലെന്നും ലേഖനത്തിലുണ്ട്. 

ലേഖനത്തിന്റെ പൂർണരൂപം: 

ശബരിമല സന്ദർശിക്കണോ വേണ്ടയോ അഥവാ, സന്ദർശിക്കുന്നെങ്കിൽ എപ്പോൾ സന്ദർശിക്കണം എന്നീ കാര്യങ്ങൾ തീരുമാനിക്കാനുള്ള അവകാശം ഭക്തരായ സ്ത്രീകൾക്കുതന്നെ വിട്ടുകൊടുക്കുക. അതിനുള്ള വിവേചനശക്തി സ്ത്രീകൾക്ക് ഉണ്ടെന്ന് അംഗീകരിക്കുകയാണ് കാലോചിതവും യുക്തിപരവുമായ നിലപാട്. പുരുഷമേധാവിത്വത്തിന്റെ കാലം അസ്തമിച്ചു എന്ന് എല്ലാവരും മനസ്സിലാക്കണം. 

സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്റെ വെളിച്ചത്തിൽ ഉയർന്നുവരുന്ന പ്രധാനപ്രശ്‌നം മണ്ഡപൂജമകരവിളക്ക് തീർത്ഥാടനകാലത്ത് കൂടുതലായി എത്തിച്ചേരാനിടയുള്ള ഭക്തജനങ്ങൾക്ക് പ്രാഥമിക സൗകര്യത്തിനും ദർശനത്തിനുമുള്ള ഏർപ്പാടുകൾ എങ്ങനെ ഒരുക്കും എന്നതാണ്. സന്നിധാനത്തും പമ്പയിലും മറ്റ് ഇടത്താവളങ്ങളിലും സ്ത്രീകൾക്ക് പ്രത്യേക വിശ്രമ സങ്കേതങ്ങൾ ഒരുക്കേണ്ടിവരും. പുതിയ സാഹചര്യത്തിൽ ശബരിമലയിൽ നിത്യപൂജ ആരംഭിക്കുന്ന കാര്യവും അധികൃതർക്ക് പരിഗണിക്കാവുന്നതാണ്. 

ശബരിമല ക്ഷേത്രദർശനം ആഗ്രഹിക്കുന്നവർക്ക് അത് കൂടുതൽ സൗകര്യപ്രദമായിരിക്കും. എത്രപണിപ്പെട്ടാലും പമ്പയിലും മറ്റും നടക്കേണ്ട പുനർ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്‌ടോബർ അവസാനത്തോടെ പൂർണമാക്കാൻ കഴിയുമോ എന്നതിൽ സന്ദേഹമുണ്ട്. അതിനാൽ ഈ വരുന്ന മണ്ഡലപൂജമകരവിളക്ക് തീർത്ഥാടനകാലം കഴിയും വരെ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതിൽ ഇളവ് അനുവദിക്കണമെന്ന് ദേവസ്വം ബോർഡിന് സുപ്രീംകോടതിയോട് അഭ്യർത്ഥിക്കാവുന്നതാണ്. സമീപകാലത്തെ പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ അത്തരമൊരാവശ്യത്തിന് മതിയായ ന്യായീകരണമുണ്ട്. 

ക്ഷേത്രങ്ങളുടെയും ധർമ്മസ്ഥാപനങ്ങളുടെയും ക്ഷേത്രാചാരങ്ങളുടെയും സംരക്ഷണം ഹിന്ദുസമൂഹത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. പക്ഷേ അവ സംരക്ഷിക്കപ്പെടേണ്ടത് കാലാനുസൃതമായ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടുവേണം. യുക്തിഹീനമായ മാമൂലുകളെ അതേപടി നിലനിർത്തുവാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടുപിടിച്ചു കൊടുക്കുന്നത് സമൂഹത്തിൽ ജീർണ്ണതയും സംഘർഷവും ചൂഷണവും വർദ്ധിക്കാൻ മാത്രമേ സഹായിക്കൂ. 

അത്തരം സന്ദർഭങ്ങളിൽ കോടതികളുടെയും മറ്റധികൃതരുടെയും ഇടപെടലുകൾ ഉണ്ടാകുക സ്വാഭാവികമാണ്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രഭരണം സംബന്ധിച്ച വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത് അവിടെ നടന്നതായി ആരോപിക്കപ്പെട്ട കെടുകാര്യസ്ഥയുടെ പശ്ചാത്തലത്തിലാണ്. കാലോചിതമായ പരിഷ്‌കാരങ്ങളിലൂടെ ക്ഷേത്രസംസ്‌കാരത്തെ ജനമനസ്സിൽ സജീവമായി നിലനിർത്താനുള്ള പരിശ്രമങ്ങളാണ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നടക്കേണ്ടത്. 

ക്ഷേത്രഭരണവും സുത്യാര്യമാവണം. ക്ഷേത്രങ്ങളെ വ്യാപാരവത്കരിക്കുവാനും സാമ്പത്തിക ചൂഷണത്തിനുള്ള ഇടമാക്കുവാനും ഉള്ള സംഘടിത മാഫിയകളുടെ ശ്രമത്തെ ചെറുത്തുതോൽപ്പിക്കുക എന്നതാണ് ഇന്ന് ഹിന്ദുസമൂഹത്തിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. 

അതോടൊപ്പം തന്നെ പരിഗണിക്കേണ്ട മറ്റൊരു വിഷയമാണ് ക്ഷേത്രോത്സവം, ഭാഗവതസത്രങ്ങൾ പോലുള്ള പരിപാടികളുമായി ബന്ധപ്പെട്ടുള്ള അനാവശ്യ ആർഭാടങ്ങളും ധൂർത്തും. ക്ഷേത്ര സങ്കേതങ്ങളെ ഭക്തിയുടെയും ലാളിത്യത്തിന്റെയും ആത്മീയ സംസ്‌കാരത്തിന്റെയും സേവനത്തിന്റെയും ആതുര ശുശ്രൂഷയുടെയും സാമൂഹിക ഐക്യത്തിന്റെയും കേന്ദ്രങ്ങളായി പരിണമിപ്പിക്കുക എന്ന ദൗത്യം എറ്റെടുക്കാൻ എല്ലാ വിഭാഗത്തിലുംപെട്ട ഹിന്ദുക്കൾ തയ്യാറാകണം. 

പരിവർത്തനോന്മുഖതയാണ് ആധുനിക ഹിന്ദു നവോത്ഥാനത്തിന്റെ മുഖമുദ്ര. അത് സൃഷ്ടിച്ച പ്രബുദ്ധതയെയും സമാജ ഐക്യത്തേയും സ്ഥാപിത താല്പര്യക്കാർക്ക് അവരുടെ ചൂഷണോപാധിയാക്കാൻ അനുവദിക്കരുത്. വൈകാരിക ഇളക്കത്തിന് സാധ്യതയുള്ള സന്ദർഭങ്ങളിൽ ചിന്താശൂന്യമായ നിലപാടുകൾ ഗുണം ചെയ്യില്ല. ജനശിക്ഷണം സാധ്യമാണെന്ന ഉത്തമബോധ്യമാണ് ഇത്തരം സന്ദർഭങ്ങളിൽ സംഘടനാ പ്രവർത്തകരെ ഭരിക്കേണ്ടത്. 

Latest News