ന്യൂദല്‍ഹി- ഭൂകമ്പവും സുനാമിയും തകര്‍ത്തെറിഞ്ഞ ഇന്തൊനേഷ്യയിലെ ദ്വീപുകള്‍ക്ക് വന്‍സഹായങ്ങളുമായി ഇന്ത്യയുടെ പ്രത്യേക ഓപറേഷന്‍. ദുരിതാശ്വാസ വസ്തുക്കളും സാധനസാമഗ്രികളുമായി രണ്ടു വ്യോമ സേനാ വിമാനങ്ങളും മൂന്ന് നാവിക സേനാ കപ്പലുകളും ഇന്ത്യ അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇന്തൊനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയും രണ്ടു ദിവസം മുമ്പില്‍ ഫോണില്‍ സംസാരിച്ചതിനു പിന്നാലെയാണ് ഓപറേഷന്‍ സമുദ്ര മൈത്രി എന്നു പേരിട്ട ഈ സഹായ പദ്ധതി. വിദേശ സഹായം സ്വീകരിക്കുമെന്ന് ഇന്തൊനേഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ വ്യോമ സേനയുടെ സി-130ജെ, സി-17 വിമാനങ്ങല്‍ ബുധനാഴ്ച രാവിലെയാണ് വൈദ്യ സഹായ സംഘങ്ങളും മരുന്നുകളും ദുരിതാശ്വാസ വസ്തുക്കളുമായി ഇന്തൊനേഷ്യയിലേക്കു പറന്നത്. ദുരിത ബാധിത പ്രദേശങ്ങളില്‍ താല്‍ക്കാലികമായി നിര്‍മ്മിക്കാവുന്ന ആശുപത്രിക്ക് വേണ്ട സാമഗ്രികളും ഇതിലുള്‍പ്പെടും. ഇതിനാവശ്യമായ ടെന്റുകള്‍, ജനറേറ്ററുകള്‍, മരുന്നുകള്‍, വെള്ളം എന്നിവയുമുണ്ട്. നാവിക സേനയുടെ ഐ.എന്‍.എസ് തീര്‍, ഐ.എന്‍.എസ് സുജാത, ഐ.എന്‍.എസ് ശര്‍ദുല്‍ എന്നീ കപ്പലുകളും പുറപ്പെട്ടിട്ടുണ്ട്. സുനാമി തകര്‍ത്തെറിഞ്ഞ സെന്‍ട്രല്‍ സുലാവേസി പ്രവിശ്യയിലേക്ക് ഇവ പുറപ്പെട്ടത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഭൂകമ്പത്തിലും സുനാമിയിലുമായി 1400നടുത്ത് ആളുകള്‍ മരിച്ചുവെന്നാണ്.