ന്യുദല്‍ഹി- കോടിക്കണക്കിന് രൂപയുടെ കടക്കെണിയില്‍ മുങ്ങിയ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിയും രണ്ടു മുതിര്‍ന്ന കമ്പനി ഉദ്യോഗസ്ഥരേയും ഇന്ത്യവിട്ട് വിദേശത്തേക്ക് മുങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് സ്വീഡിഷ് ടെലികോം ഉപകരണ നിര്‍മ്മാണ കമ്പനിയായ എറിക്‌സണ്‍ സുപ്രീം കോടതിയെ സമീപിച്ചു. തങ്ങള്‍ക്ക് ലഭിക്കാനുള്ള 550 കോടി രൂപ നല്‍കുന്നതില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് മനപ്പൂര്‍വ്വം വീഴ്ച വരുത്തിയെന്നും നിയമ നടപടികള്‍ ലംഘിച്ചെന്നും എറികസണ്‍ കോടതിയില്‍ സമര്‍പിച്ച ഹര്‍ജിയില്‍ ആരോപിച്ചു. അനില്‍ അംബാനിയുടെ 45,000 കോടി രൂപയുടെ കടത്തില്‍ മുങ്ങിക്കിടക്കുന്ന റിലയന്‍സുമായി എറിക്‌സണ്‍ നേരത്തെ നടത്തിയ ഇടപാടിനാണ് ഈ തുക നല്‍കാനുള്ളത്. ഈ ഇനത്തില്‍ റിലയന്‍സ് എറിക്‌സണ് 1600 കോടി രൂപയാണ നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ കോടതി മേല്‍നോട്ടത്തില്‍ ഇരു കമ്പനികളും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ഇത് 550 കോടി രൂപയായി കുറച്ചിരുന്നു. ഈ ധാരണ അനുസരിച്ച് ഇക്കഴിഞ്ഞ സെപ്തംബര്‍ 30നകം ആണ് പണം നല്‍കേണ്ടിയിരുന്നത്. ഈ കാലാവധിക്കുള്ളില്‍ പണം ലഭിക്കാതെ വന്നതോടെയാണ് സ്വീഡിഷ് കമ്പനി അനില്‍ അംബാനി മുങ്ങുന്നത് തടയണമെന്നാവശ്യപ്പെട്ട് രംഗത്തു വന്നത്.
റിലയന്‍സ് രാജ്യത്തെ നിയമത്തിന് ഒരു വിലയും കല്‍പ്പിക്കുന്നില്ല. നിയമ നടപടികളെ അവഹേളിക്കുകയും ചെയ്തിരിക്കുന്നു- എറിക്‌സണ്‍ പറയുന്നു. റിലയന്‍സിനും കമ്പനി മാനേജ്‌മെന്റിനുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കോടതിയുടെ അനുമതിയില്ലാതെ ഇവരെ രാജ്യം വിടുന്നതിന് അനുവദിക്കരുത്. നീതി ഉറപ്പാക്കാന്‍ ഈ നിര്‍ദേശം നല്‍കേണ്ടത് അത്യാവശ്യമാണെന്നും എറിക്‌സണ്‍ ചൂണ്ടിക്കാട്ടി.
എറിക്‌സണ്‍ നല്‍കിയ ഹര്‍ജി അനാവശ്യമാണെന്നും പണം നല്‍കാന്‍ രണ്ടു മാസത്തെ അവധി കൂടി നീട്ടി ചോദിച്ചിട്ടുണ്ടെന്നുമാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇതു സംബന്ധിച്ച് പ്രതികരിച്ചത്.