ന്യുദല്‍ഹി- ഇന്ത്യയുടെ 46-ാമത് ചീഫ് ജസ്റ്റിസായി സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മുന്‍പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങ്, എച്. ഡി ദേവഗൗഡ തുടങ്ങി പ്രമുഖര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ ഒന്നിന് വിരമിച്ച ഒഴിവിലാണ് പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേറ്റത്. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ആദ്യ ചിഫ് ജസ്റ്റിസാണ് ജസ്റ്റിസ് ഗൊഗോയ്. 2019 നവംബര്‍ 17വരെ കാലാവധിയുള്ള ജസ്റ്റിസ് ഗൊഗോയ്ക്ക് 13 മാസം പദവിയില്‍ തുടരാം. സുപ്രീം കോടതിയിലെ കര്‍ക്കശക്കാരനായ ജഡ്ജിയായ അദ്ദേഹം രാജ്യത്ത് പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പുമായി വാര്‍ത്താ സമ്മേളനം നടത്തിയ നാലു സുപ്രീം കോടതി ജഡ്ജിമാരില്‍ ഒരാള്‍ കൂടിയാണ്. ഇക്കാരണം കൊണ്ടു തന്നെ ജസ്റ്റിസ് ഗൊഗോയിയുടെ നിയമനത്തിന മോഡി സര്‍ക്കാര്‍ തടയിട്ടേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു.
1978ലാണ് ജസ്റ്റിസ് ഗൊഗോയ് അഭിഭാഷകനായി നിയമ മേഖലയില്‍ സേവനം തുടങ്ങിയത്. ഗുവാഹത്തി ഹൈക്കോടതിയില്‍ അഭിഭാഷകനായാണ് തുടക്കം. 2001ല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ ജഡ്ജായി നിയമിക്കപ്പെട്ടു. 2010ല്‍ പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറി. 2011 ഫെബ്രുവരിയില്‍ ഇവിടെ ചീഫ് ജസ്റ്റിസായി. 2012 ഏപ്രില്‍ 23-നാണ് സുപ്രീം കോടതി ജഡ്ജായി സ്ഥാനക്കയറ്റം ലഭിച്ചത്.