ലഖ്‌നൗ- മകന്റെ അസ്വാഭാവിക മരണം ആത്മഹത്യയാക്കി ചിത്രീകരിക്കുന്ന പോലീസ് നടപടി മാറ്റി, മരണത്തിലെ ദൂരൂഹത നീക്കാൻ സത്യസന്ധമായ അന്വേഷണം നടത്താൻ വേണ്ടി യു.പിയിൽ മുസ്്‌ലിം കുടുംബം ഹിന്ദുമതം സ്വീകരിച്ചു. മകൻ കൊല്ലപ്പെട്ടതാണെന്നും എന്നാൽ പോലീസ് ഇത് അംഗീകരിക്കാൻ തയ്യാറാകാതെ ആത്മഹത്യയായി കണക്കാക്കുകയാണെന്നും ആരോപിച്ചാണ് കുടുംബം മതം മാറിയത്. തങ്ങളുടെ ആവശ്യത്തോടൊപ്പം നിൽക്കാൻ സ്വസമുദായവും തയ്യാറായില്ലെന്നും ഇതിൽ പ്രതിഷേധിച്ച് കുടുംബം മതംമാറുകയായിരുന്നുവെന്ന് യുവ ഹിന്ദു വാഹിനി(ഭാരത്) നേതാക്കളും പറഞ്ഞു.
ഭാഗ്പത് ജില്ലയിലെ ബദർക്ക ഗ്രാമത്തിലെ അക്തർ എന്നയാളും കുടുംബത്തിലെ പന്ത്രണ്ടു പേരുമാണ് മതം മാറിയത്. അക്തറിന്റെ മകൻ ഗുൽഹസനെ ഇക്കഴിഞ്ഞ ജൂലൈ 22-നാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവഡ ഗ്രാമത്തിൽനിന്ന് ജനുവരി 22-നാണ് ഗുൽഹസനും കുടുംബവും ബദർക്ക ഗ്രാമത്തിലേക്ക് താമസം മാറ്റിയത്. കൂടുതൽ മെച്ചപ്പെട്ട ജീവിതം ലക്ഷ്യമാക്കിയാണ് ദൽഹിയോട് ചേർന്നുനിൽക്കുന്ന നവജയിലേക്ക്് താമസം മാറ്റിയതെന്നും അക്തറിന്റെ സഹോദരൻ ദിൽഷാദ് പറഞ്ഞു. ഇവിടെ ഒരു വസ്ത്രവിൽപന നടത്താൻ ഒരു കടമുറിയും വാടകക്കെടുത്തിരുന്നു. എന്നാൽ ജൂലൈ 22ന് ഗുൽഹസനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗ്രാമത്തിലെ ബിസിനസ് എതിരാളികളാണ് മകനെ കൊന്ന് കെട്ടിത്തൂക്കിയത് എന്നാണ് കുടുംബം ആരോപിക്കുന്നത്. ഗുൽഹസന്റെ ശരീരത്തിൽ പരിക്കേറ്റിതിന്റെ പാടുകളുണ്ടായിരുന്നതായും കുടുംബം പറയുന്നു. മരണം സംബന്ധിച്ച് നിരവധി തവണ പോലീസിനോട് പരാതിപ്പെട്ടിട്ടും അന്വേഷണം നടത്താതെ ആത്മഹത്യയാക്കി കേസ് അവസാനിപ്പിക്കാനായിരുന്നു പോലീസ് നീക്കം. മുസ്്‌ലിം സമുദായത്തിനകത്ത്‌നിന്നും പിന്തുണ ലഭിക്കാതായതോടെ കുടുംബം ഹിന്ദു വാഹിനി പ്രവർത്തകരെ സമീപിക്കുകയായിരുന്നു. ഇവരുടെ സഹായം ലഭ്യമാക്കാൻ വേണ്ടിയാണ് കുടുംബം ഒന്നടങ്കം മതംമാറിയത്.
മതം മാറിയെന്ന് കാണിച്ച് അക്തറും കുടുംബവും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് മുമ്പാകെ സത്യവാങ്മൂലവും നൽകി. ആരുടെയും പ്രേരണയില്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്നും ഇവർ സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്. പേരും മതവും മാറ്റുന്നതിന് വേണ്ടി കുടുംബം ചടങ്ങ് സംഘടിപ്പിച്ചതായി യുവ ഹിന്ദു വാഹിനി(ഭാരത്) സംസ്ഥാന നേതാവ് ഷൗഖേന്ദ്ര ഖോകർ പറഞ്ഞു. ഏതായാലും സംഭവത്തെ പറ്റി സമഗ്രമായി അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ചൊവ്വാഴ്ച്ചയാണ് കുടുംബം മതംമാറിയത്.