അബുദബി- ബനി യാസില്‍ ഇരുനില വില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ വന്‍ അഗ്നിബാധയില്‍ അഞ്ചു കുട്ടികളുള്‍പ്പെടെ 12 അംഗ കുടുംബത്തിലെ എട്ടു പേര്‍ മരിച്ചു. 38, 37, 21 വയസ്സുകാരായ മൂന്ന് സ്ത്രീകളും മരിച്ചു. ഒരു വയസ്സിനും എട്ടു വയസ്സിനുമിടയില്‍ പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. അഗ്നിബാധയെ തുടര്‍ന്നുണ്ടായ പുകയില്‍ ശ്വാസമുട്ടിയാണ് ഇവരുടെ മരണം സംശയിക്കപ്പെടുന്നു. ഫജ്‌റ് നമസ്‌ക്കാര സമയത്താണ് താഴെ നിലയില്‍ നിന്നും തീ പടര്‍ന്നത്. വീട്ടിലെ നാലു പേര്‍ക്കു മാത്രമാണ് രക്ഷപ്പെടാനായത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അലി ബദാവി അല്‍ കൊത്തെരിയുടേയാണ് വില്ല. തന്റെ രണ്ടു പെണ്‍മക്കള്‍ ഉള്‍പ്പെടെ കുടുംബത്തിലെ എട്ടു പേര്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ പ്രചിക്കുന്ന ഓഡിയോ സന്ദേശത്തില്‍ ഇദ്ദേഹം പറഞ്ഞു. കൂട്ടികളുടെ കൂട്ടമരണത്തോടെ ഈ കുടുംബത്തില്‍ കുട്ടികളില്ലാതായെന്ന് ബന്ധുക്കള്‍ വിലപിച്ചു.
അഗ്നി ശമന സേന എത്തിയപ്പോഴേക്കും തീ വില്ലയുടെ രണ്ടാം നിലയിലേക്ക് പടര്‍ന്നിരുന്നു. വീട്ടുടമയായ അല്‍കോത്താരിയും സഹോദരനും ഫജ്‌റ് നമസ്്ക്കാരത്തിന് പള്ളിയിലേക്ക് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീട് അഗ്നിക്കിരയായതായി കണ്ടത്. ഉടന്‍ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.