Sorry, you need to enable JavaScript to visit this website.

അന്തര്‍വാഹിനികളെ ആക്രമിക്കാന്‍ ചൈന ലേസര്‍ ആയുധം വികസിപ്പിക്കുന്നു

ന്യൂദല്‍ഹി- ബഹിരാകാശത്തു നിന്ന് അന്തര്‍വാഹിനികളെ ആക്രമിക്കാനാകുന്ന ആയുധം ചൈന വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മേയില്‍ ചൈന ആരംഭിച്ച ഗുവാന്‍ലാന്‍ ഉപഗ്രഹ പദ്ധതിയുടെ ലക്ഷ്യം സമുദ്ര ഗതാഗത നിരീക്ഷണവും നാവിക എതിരാളികളുടെ അന്തര്‍വാഹിനികള്‍ തകര്‍ക്കുകയുമാണ്. ലേസര്‍ സംവിധാനമുള്ള സാറ്റലൈറ്റാണ് രണ്ട് ലക്ഷ്യങ്ങള്‍ക്കായി വികസിപ്പിക്കുന്നത്. ചൈനീസ് ഭാഷയില്‍ ഗുവാന്‍ലാന്‍ എന്നതിന്റെ അര്‍ഥം വന്‍ തിരമാലകള്‍ നിരീക്ഷിക്കുക എന്നാണ്.
അമേരിക്കയും റഷ്യയും പരാജയപ്പെട്ട സാങ്കേതിക വിദ്യ വികസിപ്പിക്കാനാണ് ചൈന ഇപ്പോള്‍ ശ്രമിക്കുന്നത്. അന്തര്‍വാഹിനികളെ ലക്ഷ്യമിടുന്നതിന് സാധ്യമാകുന്ന ലൈറ്റ് ഡിറ്റക്്ഷന്‍ ആന്റ് റേഞ്ചിംഗ്-ലിഡാര്‍) ഉപകരണം വികസിപ്പിക്കുന്നതിന് ഒരു നൂറ്റാണ്ടായി ഗവേഷകര്‍ ശ്രമിച്ചു വരികയാണ്. സമുദ്രോപരിതലത്തില്‍ നിന്ന് 100 മീറ്റര്‍ താഴെ വരെ ആയുധമെത്തിക്കാന്‍ അമേരിക്കക്കും റഷ്യക്കും സാധിച്ചിരുന്നു. എന്നാല്‍ മിക്ക നാവിക സേനകളുടേയും അന്തര്‍വാഹിനികള്‍ 500 മീറ്ററെങ്കിലും താഴെയാണ് സഞ്ചരിക്കുന്നതെന്നതിനാല്‍ ഇത്് ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് മുന്നേറ്റത്തിനുള്ള ചൈനയുടെ ശ്രമം. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ സാമ്പത്തിക സഹായത്തോടെ ചില ഗവേഷണ പദ്ധതികള്‍ ഈയിടെ വിജയം നേടിയിരുന്നു. ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി (ഡി.എ.ആര്‍.പി.എ) ഒരു ലേസര്‍ ഉപകരണം വികസിപ്പിച്ചിട്ടുണ്ട്. ചാര വിമാനത്തില്‍നിന്ന് ഈ ലേസര്‍ ആയുധം ഉപയോഗിച്ച് സമുദ്രത്തില്‍ 200 മീറ്റര്‍ താഴെ വരെ ആക്രമണം നടത്താം.
500 മീറ്റര്‍ താഴെ ബോംബ് എത്തിക്കാനുള്ള ഗവേഷകരുടെ ശ്രമം ഇനിയും വിജയിച്ചിട്ടില്ല. ഈ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ് ചൈനയുടെ ശ്രമം. ചൈനയുടെ കിഴക്കന്‍ തീരത്തുള്ള പൈലറ്റ് നാഷണല്‍ ലബോറട്ടറിയിലാണ് ഗവേഷകര്‍ പുതിയ ലേസര്‍ ഉപകരണം വികസിപ്പിക്കാനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ ഉപകരണം എങ്ങനെ വികസിപ്പിക്കാനാകുമെന്ന വിശദമായ റിപ്പോര്‍ട്ട് ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം അവസാനമോ ഈ വര്‍ഷം ആദ്യമോ ആണ് ചൈനീസ് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഷി ജിന്‍പിങ് സര്‍ക്കാര്‍ ഫണ്ട് വാഗ്ദാനം ചെയ്തതോടെ കഴിഞ്ഞ മേയില്‍ ഗവേഷണം ആരംഭിച്ചു. ഉപകരണം തയാറായാല്‍ വിമാനത്തിലോ ചൈനയുടെ നിരീക്ഷണ ഉപഗ്രഹത്തിലോ ഘടിപ്പിക്കാം. സൂര്യരശ്മിയേക്കാള്‍ കോടിക്കണക്കിന് ഇരട്ടി ശക്തമാണ് ലേസര്‍ രശ്മികള്‍. എന്നാല്‍ സമുദ്രാന്തര്‍ഭാഗത്തേക്ക് ഈ ലേസര്‍ നിയന്ത്രിച്ച് എത്തിക്കുകയാണ് പ്രധാനം.
ഗുവാന്‍ലാന്‍ പദ്ധതി പൂര്‍ത്തിയായാല്‍ സിവില്‍ ആവശ്യങ്ങള്‍ക്കും സൈനിക ആവശ്യങ്ങള്‍ക്കും സമദ്ര ഗതാഗതം നിയന്ത്രിക്കാനുള്ള ശേഷി ചൈനക്ക് കൈവരും. ആഗോള തലത്തില്‍ തന്നെ സമുദ്രത്തില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഡാറ്റാ കേന്ദ്രമായിരിക്കും ചൈന. കപ്പലുകളുടേയും അന്തര്‍വാഹിനികളുടേയും നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ നിലവിലുള്ള റഡാര്‍ സംവിധാനം പരാജയപ്പെടുന്നിടത്താണ് പുതിയ സാങ്കേതിക വിദ്യ വിജയിക്കുക.
ഇന്ത്യയുടെ തന്ത്രപ്രധാന താല്‍പര്യങ്ങള്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഗുവാന്‍ലാന്‍ പദ്ധതിയെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇന്ത്യക്കു ചുറ്റുമുള്ള സമുദ്രത്തില്‍ നിയന്ത്രണമുറപ്പിക്കാന്‍ ചൈന നേരത്തെ മുതല്‍ ശ്രമം നടത്തിവരികയുമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യാ മഹാ സമുദ്രത്തില്‍ ചൈന സ്വാധീനം വര്‍ധിപ്പിച്ചിട്ടുണ്ട്. മ്യാന്മര്‍, ശ്രീലങ്ക, മലദ്വീപ്, ജിബൂട്ടി, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ ചൈനയുടെ സൈനിക സാന്നിധ്യമുണ്ട്. മാലദ്വീപില്‍ സ്വാധീനം ശക്തമാക്കാനുള്ള ചൈനയുടെ ശ്രമം ഈയിടെയായി കൂടുതല്‍ പ്രകടമായിട്ടുണ്ട്. ഇന്ത്യയുടെ വ്യാപാരത്തിന്റെ ബഹുഭൂരിഭാഗവും സമുദ്ര ഗതാഗതം വഴിയാണ്. ഇന്ത്യയുടെ വ്യപാരത്തിന്റെ 95 ശതമാനവും സമുദ്ര മാര്‍ഗമാണെന്ന് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ചൈന ശത്രുക്കളായി കരുതുന്ന രാജ്യങ്ങള്‍ക്ക് സാറ്റലൈറ്റുമായി ബന്ധപ്പെടുത്തിയുള്ള ലേസര്‍ ആയുധം വലിയ വെല്ലുവിളിയാകുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.  
 

 

Latest News