പാരീസ്- ഫ്രാന്‍സില്‍ ഇറാന്‍ ചാര സംഘടനയുടേയും രണ്ട് ഇറാനികളുടേയും സ്വത്തുക്കള്‍ അധികൃതര്‍ മരവിപ്പിച്ചു. കഴിഞ്ഞ ജൂണില്‍ ഇറാന്‍ പ്രതിപക്ഷ ഗ്രൂപ്പിന്റെ റാലി ആക്രമിക്കാന്‍ നടത്തിയ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് ഇറാന്‍ ഇന്റലിജന്‍സ് സര്‍വീസിന്റേയും രണ്ട് വ്യക്തികളുടേയും ആസ്തികള്‍ മരവിപ്പിച്ചത്.
പരീസിനു പുറത്തു നടന്ന വിപ്രാസി ഇറാനി ഗ്രൂപ്പിന്റെ റാലിക്കു നേരെ ബോംബാക്രമണം നടത്താനുള്ള പദ്ധതിയില്‍ ഇറാനു പങ്കുണ്ടെന്ന് തെളിഞ്ഞതായി മുതിര്‍ന്ന ഫ്രഞ്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഫ്രാന്‍സ് നിലപാട് കടുപ്പിച്ചത് ഇറാന് വന്‍ തിരിച്ചടിയാണ്. 2015-ലെ ഇറാന്‍ ആണവ കരാറില്‍നിന്ന് അമേരിക്ക പിന്മാറിയിരിക്കെ യൂറോപ്യന്‍ രാഷ്ട്രങ്ങളുടെ പിന്തുണ ഉറപ്പു വരുത്തുന്നതിന് പ്രസിഡന്റ് ഹസന്‍ റൂഹാനിയും സര്‍ക്കാരും കഠിന ശ്രമം നടത്തിവരികയാണ്.
പാരീസിനു പുറത്ത് വില്ലെപിന്റില്‍ ജൂണ്‍ 30 നായിരുന്നു വിഫലമായ ആക്രമണ ശ്രമം. രാജ്യത്തിനകത്ത് നടന്ന ഇത്തരമൊരു നീക്കം ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഫ്രാന്‍സ് വിദേശ, ആഭ്യന്തര, ധന മന്ത്രിമാര്‍ നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
ഫ്രഞ്ച് നടപടിയോട് പാരീസിലെ ഇറാന്‍ എംബസി പ്രതികരിച്ചില്ല. പാരീസ് ആസ്ഥാനമായുള്ള നാഷണല്‍ കൗണ്‍സില്‍ ഓഫ് റെസിസ്റ്റന്‍സ് ഓഫ് ഇറാന്‍ (എന്‍.സി.ആര്‍.ഐ) സംഘടിപ്പിച്ച യോഗമാണ് ആക്രമിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അഭിഭാഷകന്‍ റൂഡി ഗുലിയാനിയും നിരവധി മുന്‍ യൂറോപ്യന്‍, അറബ് മന്ത്രിമാരും റാലിക്കെത്തിയിരുന്നു. ഗൂഢാലോചന പുറത്തു വന്നതിനു പിന്നാലെ ഓസ്ട്രിയയില്‍ ഒരു ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥനേയും ബെല്‍ജിയത്തില്‍ രണ്ട് ഇറാനികളേയും അറസ്റ്റ് ചെയ്തിരുന്നു. ബെല്‍ജിയത്തില്‍ അറസ്റ്റിലായവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടിക്കുകയും ചെയ്തു. നയതന്ത്ര ഉദ്യോഗസ്ഥനെ ബെല്‍ജിയത്തിനു കൈമാറാന്‍ തിങ്കളാഴ്ച ദക്ഷിണ ജര്‍മനിയിലെ കോടതി ഉത്തരവിട്ടു.
അസദുല്ലാ അസാദി, സഈദ് ഹാഷിം മുഗാദ എന്നീ ഇറാന്‍ പൗരന്മാരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടുന്നതെന്ന് ഫ്രാന്‍സ്് പ്രസ്താവനയില്‍ പറഞ്ഞു. പിടിച്ചെടുക്കുന്ന സ്വത്തുക്കള്‍ എത്രമാത്രമുണ്ടെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ബോംബാക്രമണ നീക്കം പരാജയപ്പെട്ടതിനു പിന്നാലെ ശക്തമായ പ്രതികരണമുണ്ടാകുമെന്ന് ഫ്രാന്‍സ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ പങ്ക് വിശദീകരിക്കണമെന്ന് യു.എന്‍ പൊതുസഭക്ക് ശേഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും വിദേശമന്ത്രി ജീന്‍ യുവസി ലെ ഡ്രെയിനും ഇറാന്‍ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ ഫ്രഞ്ച് വിദേശ മന്ത്രാലയം ഇറാനിലേക്ക് പോകരുതെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇറാനിലേക്ക് പുതിയ അംബസാഡറെ നിയോഗിക്കുന്നത് നീട്ടിവെച്ച ഫ്രാന്‍സ് രാജ്യത്തെ നയതന്ത്ര പദവികളിലേക്ക് ഇറാന്‍ നടത്തിയ നിയമനങ്ങളോട് പ്രതികരിച്ചിരുന്നില്ല. ഫ്രാന്‍സുമായുള്ള ബന്ധത്തില്‍ പ്രകടമായ വിള്ളല്‍ ഇറാനെ സംബന്ധിച്ചിടത്തോളം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്നതണ്.
2015 ലെ ആണവ കരാര്‍ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായി നിലകൊണ്ട രാജ്യമാണ് ഫ്രാന്‍സ്. കരാറില്‍നിന്ന് പിന്‍വാങ്ങിയ അമേരിക്ക ഇറാനെതിരെ കര്‍ശന നടപടികള്‍ തുടരുകയാണ്.