മോസ്‌കോ- ഇന്ത്യക്ക് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കുന്ന 500 കോടി ഡോളറിന്റെ കരാര്‍ ഒപ്പിടുന്ന ചടങ്ങിന് പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ സാക്ഷ്യം വഹിക്കുമെന്ന് ക്രെംലിനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. വ്യാഴാഴ്ചയാണ് പുടിന്‍ ഇന്ത്യയിലേക്ക് പുറപ്പെടുന്നതെന്ന് അദ്ദേഹത്തിന്റെ ഉന്നത വിദശേ നയ വക്താവ് യൂറി യുഷാകോവ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. വ്യോമ പ്രതിരോധ സംവിധാനം നല്‍കുന്നതു സംബന്ധിച്ച കരാര്‍ തന്നെയാണ് സന്ദര്‍ശനത്തിലെ മുഖ്യ ഘടകമെന്ന് അദ്ദേഹം പറഞ്ഞു.
19-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് പുടിന്‍ ഇന്ത്യയിലെത്തുന്നത്. ദ്വിദിന സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാഷ്ട്രപതി രാംനാഥ് കോവിന്ദ് എന്നിവരുമായി അദ്ദേഹം ചര്‍ച്ച നടത്തും.
റഷ്യയില്‍നിന്ന് എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതു സംബന്ധിച്ച് മാസങ്ങളായി ചര്‍ച്ച നടത്തിവരികയായിരുന്നു.
സെപ്റ്റംബര്‍ ആദ്യ വാരം വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് റഷ്യ സന്ദര്‍ശിച്ചിരുന്നു. പരസ്പര സഹകരണത്തോടെയുള്ള നിക്ഷേപം 2025 ഓടെ 50 ബില്യണ്‍ ഡോളറായി ഉയര്‍ത്താന്‍ സന്ദര്‍ശനത്തില്‍ ധാരണയായിരുന്നു. ഈ സന്ദര്‍ശനത്തിന് ശേഷമാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടായത്.
റഷ്യയില്‍ നിന്ന് ആയുധം വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ അമേരിക്കയുടെ ഉപരോധ ഭീഷണി നിലനില്‍ക്കെയാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.