കണ്ണൂർ- ശബരിമലയിൽ വനിതാ പോലീസിനെ നിയോഗിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനം, ബി.ജെ.പി വെല്ലുവിളിയായി എടുക്കുന്നുവെന്നും ഇത് ഒരിക്കലും അനുവദിക്കില്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ ഇപ്പോഴത്തെ വിധിക്കു പിന്നിൽ സി.പി.എമ്മും നിരീശ്വരവാദികളുമാണ്. ഈ സാഹചര്യത്തിൽ അയ്യപ്പന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടത്തിനു ബി.ജെ.പി എല്ലാ പിന്തുണയും നൽകും. ശബരിമലയിൽ വനിതാ പോലീസിനെ നിയോഗിച്ചാൽ തടയും. യുവമോർച്ചയുടെ നേതൃത്വത്തിൽ ഇന്നു മുതൽ സമരം ആരംഭിക്കുകയാണ്. ശബരിമലയെ തകർത്തേ തീരൂ എന്ന നിലപാടിലാണ് സി.പി.എം. വടക്കെ ഇന്ത്യൻ മാതൃകയിലുള്ള ഒരു ക്ഷേത്രമല്ല ശബരിമല. വടക്കേ ഇന്ത്യയിൽ വിഗ്രഹത്തെ തൊട്ടു തൊഴാം. ഇവിടെ നിത്യബ്രഹ്മചാരിയാണ് പ്രതിഷ്ഠ. ഈ സങ്കൽപ്പത്തെ തകർക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. കമ്യുണിസത്തിന്റെ അടിസ്ഥാന സ്വഭാവമാണ് വിശ്വാസങ്ങളെ തകർക്കുക എന്നത്. അധികാരമുപയോഗിച്ച് റഷ്യയിൽ ഓർത്തഡോക്‌സ് ചർച്ചുകളേയും, ചൈനയിൽ ബുദ്ധിസ കേന്ദ്രങ്ങളെയും തകർത്ത ചരിത്രം നമുക്കു മുന്നിലുണ്ട്. ഇതിനെ ചെറുക്കുന്ന കാര്യത്തിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല. - ശ്രീധരൻ പിള്ള വ്യക്തമാക്കി.
തമിഴ്‌നാട്ടില ജെല്ലിക്കെട്ട് സുപ്രീം കോടതി നിരോധിച്ചപ്പോൾ, സംസ്ഥാന നിയമസഭ നിയമ നിർമാണത്തിലൂടെ ഈ വിധിയെ മറികടന്നു. ഇത്തരമൊരു നീക്കം ഇവിടെയും ഉണ്ടാവണം. ഇത് സംസ്ഥാനത്തിന്റെ വിഷയമാണ്. അതിനാൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണം. അതേസമയം, പുനഃപരിശോധനാ ഹരജി ഉൾപ്പെടെയുള്ളവയുടെ കാര്യത്തിൽ ബി.ജെ.പി സ്വന്തം നിലക്കു മുന്നോട്ടു പോകും - ശ്രീധരൻ പിളള വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് കോടികൾ പിരിച്ചെടുക്കാനാണ് സി.പി.എം രഹസ്യമായി ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം പ്രചാരണത്തിനായി ചെലവഴിച്ച 12 കോടി രൂപ ഇത്തരത്തിൽ ബാർ ഉടമകളിൽ നിന്നും മറ്റുമാണ് സമാഹരിച്ചത്.
ബി.ജെ.പിയുടെ സ്വഛ് ഭാരത് അഭിയാൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ശ്രീധരൻ പിള്ള കണ്ണൂരിൽ നിർവഹിച്ചു.
കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരം ശുചീകരിച്ചാണ് പദ്ധതിക്കു തുടക്കമിട്ടത്. നേതാക്കളായ സത്യപ്രകാശ്, കെ. രഞ്ജിത്ത്, പി.കെ. വേലായുധൻ, ഒ.എം. രാമചന്ദ്രൻ, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.