തിരുവനന്തപുരം- ശബരിമലയിൽ സ്ത്രീ പ്രവേശനമനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹരജി നൽകുമെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ പിൻമാറ്റം ബോർഡിന് നാണക്കേടായി.
മുഖ്യമന്ത്രിയുമായി ക്ലിഫ് ഹൗസിൽ ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ ചർച്ച നടത്തിയ ശേഷമായിരുന്നു റിവ്യുഹരജി കൊടുക്കുന്നതിനെ കുറിച്ച് ആരായുമെന്ന് വ്യക്തമാക്കിയത്. എന്നാൽ ഇത് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു.
ഇത്തരത്തിൽ പ്രസ്താവന നടത്തിയതിനെ പിണറായി വിജയൻ തന്റെ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് നിലപാട് മാറ്റിയത്. മുഖ്യമന്ത്രിക്ക് തന്നെ ശാസിക്കാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു.
ശബരിമലയിൽ സ്ത്രീപ്രവേശനമനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യു ഹരജി നൽകുമെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് മുഖ്യമന്ത്രി വിരട്ടിയപ്പോൾ മലക്കം മറിഞ്ഞത് തീർത്ഥാടകരെ അപമാനിക്കലാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. ആരോപിച്ചു. ദേവസ്വം ബോർഡിന്റെ നിരുത്തരവാദ നിലപാടും സി.പി.എമ്മിന്റെ സ്ഥാപിത താല്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കലും കൊണ്ടാണ് സുപ്രീം കോടതിയിൽ നിന്ന് എതിരായ വിധി ഏറ്റുവാങ്ങേണ്ടിവന്നത്. മുഖ്യമന്ത്രി വിരട്ടിയപ്പോൾ റിവ്യു ഹരജി കൊടുക്കാതെ ഒളിച്ചോടിയ ബോർഡ് പ്രസിഡന്റും മെമ്പർമാരും രാജിവയ്ക്കണം. ശബരിമലയുടെ പവിത്രത കാത്തു സൂക്ഷിക്കാനാവാതെ ഇരുട്ടിൽ തപ്പുന്ന ദേവസ്വംബോർഡ് ഭരണസമിതി ഭക്തജനങ്ങൾക്ക് ബാധ്യതയാണ്. സുപ്രീംകോടതിവിധിയുടെ ധാർമിക ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണ്.
മുഖ്യമന്ത്രിയുടെ മുന്നിൽ പഞ്ചപുച്ഛം അടക്കി നിന്ന് ശാസനമേറ്റു വാങ്ങി തിരിച്ച് വന്നശേഷം റിവ്യു ഹരജി കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച ബോർഡ് പ്രസിഡന്റിന്റെ നടപടി ധിക്കാരപരമാണെന്നും കൊടിക്കുന്നിൽ സുരേഷ് കുറ്റപ്പെടുത്തി.