റിയാദ് - പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്ന വിദേശ തൊഴിലാളികൾക്ക് പ്രൊബേഷൻ കാലത്ത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തൽ നിർബന്ധമാണെന്ന് കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വ്യക്തമാക്കി. മൂന്നു മാസമാണ് പ്രൊബേഷൻ കാലം. വിദേശ തൊഴിലാളികൾക്കും അവരുടെ ഭാര്യമാർക്കും 25 വയസ്സു വരെ പ്രായമുള്ള ആൺമക്കൾക്കും വിവാഹിതരാകാത്ത പെൺമക്കൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന് തൊഴിലുടമകൾ ബാധ്യസ്ഥരാണ്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ള രോഗിക്ക് കൂട്ടിരിക്കുന്നയാളുടെ താമസ, ഭക്ഷണ ചെലവുകൾക്ക് പ്രതിദിനം പരമാവധി 150 റിയാൽ വരെ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ലഭിക്കുന്നതിന് അവകാശമുണ്ട്.
നവജാത ശിശുക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പുകൾ, അമിത വണ്ണത്തിനുള്ള ശസ്ത്രക്രിയകൾ എന്നിവക്കുള്ള ചെലവുകളെല്ലാം ഇൻഷുറൻസ് പോളിസി കവർ ചെയ്യും. മുഴുവൻ ജീവനക്കാരെയും ഒറ്റ പോളിസിയിൽ രജിസ്റ്റർ ചെയ്യുന്നതിനും ആവശ്യമെങ്കിൽ ഇൻഷുറൻസ് കമ്പനി മാറുന്നതിനും ഏകീകൃത പോളിസി തൊഴിലുടമകളെ അനുവദിക്കുന്നു.
സ്വകാര്യ മേഖലാ ജീവനക്കാരന്റെ മുഴുവൻ ഭാര്യമാർക്കും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന് തൊഴിലുടമകൾ നിർബന്ധിതരാണ്. ജീവനക്കാരന് രണ്ടോ മൂന്നോ നാലോ ഭാര്യമാരുണ്ടെങ്കിൽ അവർക്കെല്ലാവർക്കും തൊഴിലുടമ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തിയിരിക്കണമെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വക്താവ് യാസിർ അൽമആരിക് പറഞ്ഞു. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന, തൊഴിലാളികളുടെ കുടുംബാംഗങ്ങളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നതിന് തൊഴിലുടമകൾക്ക് അവകാശമില്ല. കുടുംബാംഗങ്ങളുടെ എണ്ണം എത്രയാണെങ്കിലും അവർക്കെല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതിന് തൊഴിലുടമകൾ ബാധ്യസ്ഥരാണ്.
ഇൻഷുറൻസ് പോളിസി പ്രകാരം വർഷത്തിൽ പരമാധി അഞ്ചു ലക്ഷം റിയാലിന്റെ കവറേജ് ആണ് ഉപയോക്താക്കൾക്ക് ലഭിക്കുക. ചികിത്സാ ചെലവ് അഞ്ചു ലക്ഷം റിയാൽ കവിഞ്ഞാൽ ഉപയോക്താക്കൾക്ക് ഇൻഷുറൻസ് പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ല. അപ്രൂവൽ അപേക്ഷകളിൽ 60 മിനിറ്റിനകം ഇൻഷുറൻസ് കമ്പനികൾ മറുപടി നൽകൽ നിർബന്ധമാണ്. അല്ലാത്ത പക്ഷം അതിനുള്ള കാരണങ്ങൾ കമ്പനികൾ വ്യക്തമാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താതിരിക്കുകയോ ഇൻഷുറൻസ് പോളിസി പ്രകാരമുള്ള തവണകൾ അടയ്ക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ഓരോ തൊഴിലാളിയുടെയും ഒരു വർഷത്തെ പോളിസി തുകക്ക് തുല്യമായ തുക പിഴ ചുമത്തുന്നുണ്ട്. ഇതിനു പുറമെ പോളിസി തുക അടയ്ക്കുന്നതിനും സ്ഥാപനങ്ങളെ നിർബന്ധിക്കും. ഇത്തരം സ്ഥാപനങ്ങളിലേക്ക് വിദേശങ്ങളിൽ നിന്ന് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് താൽക്കാലികമായോ എന്നെന്നേക്കുമായോ വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുവദിക്കുന്നുണ്ട്. തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താത്ത സ്ഥാപനങ്ങളെ കുറിച്ച് പ്രവിശ്യകളിലെ ലേബർ ഓഫീസുകൾക്ക് വിവരം നൽകുകയാണ് കൗൺസിൽ ചെയ്യുന്നത്. സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ നിർത്തിവെക്കുന്നതിന് ലേബർ ഓഫീസുകൾ നടപടികൾ സ്വീകരിക്കും.
ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്താത്ത കമ്പനികളെയും സ്ഥാപനങ്ങളെയും കുറിച്ച് പരാതികൾ നൽകുന്ന തൊഴിലാളികളെ കുറിച്ച വിവരങ്ങൾ തീർത്തും രഹസ്യമായി സൂക്ഷിക്കും. ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന്റെ പേരിൽ ജീവനക്കാരുടെ വേതനത്തിൽ നിന്ന് പണം പിടിക്കുന്നതിന് തൊഴിലുടമകൾക്ക് അവകാശമില്ല. ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് ഏറ്റവും ചുരുങ്ങിയത് ആശുപത്രികൾ അടക്കം 337 സേവന ദാതാക്കൾ അടങ്ങിയ നെറ്റ്വർക്ക് ഇൻഷുറൻസ് കമ്പനികൾ ലഭ്യമാക്കൽ നിർബന്ധമാണ്. ഇക്കൂട്ടത്തിൽ പെട്ട ഏതെങ്കിലും സേവന ദാതാവ് പുറത്തു പോകുന്ന പക്ഷം ബദൽ സേവന താദാവിനെ കമ്പനികൾ ലഭ്യമാക്കിയിരിക്കണം. കൗൺസിൽ ഓഫ് കോ-ഓപറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിലെ 10,95,898 സൗദി ജീവനക്കാർക്കും 17,77,676 ആശ്രിതർക്കും 62,64,389 വിദേശ തൊഴിലാളികൾക്കും 20,09,426 ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുണ്ട്.