Sorry, you need to enable JavaScript to visit this website.

യു.പിയിലെ ക്രമസമാധാനം വലിയ തമാശ: യോഗിയെ വിമർശിച്ച് സ്വന്തം മന്ത്രി

ലക്‌നൗ- ഉത്തർപ്രദേശ് സർക്കാറിന്റെ ക്രമസമാധാന പാലനത്തെ പരിഹസിച്ച് സ്വന്തം മന്ത്രിസഭയിലെ തന്നെ അംഗം രംഗത്ത്. സംസ്ഥാനത്തെ ക്രമസമാധാനപാലനം തികഞ്ഞ തമാശയാണെന്നായിരുന്നു പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓം പ്രകാശ് രജ്ബ്ബറിന്റെ വെളിപ്പെടുത്തൽ. ബി.ജെ.പി സഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി)യുടെ അംഗമായ ഓം പ്രകാശ്, പോലീസുകാർ കൊലപ്പെടുത്തിയ ആപ്പിൾ കമ്പനി ഉദ്യോഗസ്ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണവും ആവശ്യപ്പെട്ടു. ലക്‌നൗവിലോ ഗോമതി നഗറിൽ കഴിഞ്ഞദിവസമാണ് വിവേക് തിവാരി എന്ന ആപ്പിൾ കമ്പനി ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. സഹപ്രവർത്തകക്കൊപ്പം കാറിൽ വരികയായിരുന്ന വിവേക് തിവാരിയെ പോലീസ് സംഘം വെടിവെച്ചുകൊല്ലുകയായിരുന്നു. കാറിന് കൈകാണിച്ചിട്ടും നിർത്തിയില്ല എന്നാരോപിച്ചായിരുന്നു പോലീസ് വെടിവെപ്പ്. 
ഏറ്റുമുട്ടലിന്റെ പേരിൽ ഒരു സാധാരണ പൗരനാണ് യു.പിയിൽ കൊല്ലപ്പെട്ടത്. ജനങ്ങളുടെ പണമെടുത്ത് അവരെ തന്നെ കൊല്ലുകയാണ്. കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് ഉടനീളം വ്യാപിക്കുന്നു. കുറ്റകൃത്യങ്ങൾ കുറക്കുന്നതിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സാധിക്കുന്നില്ല. സംസ്ഥാനം സുരക്ഷിതമാണെന്ന ബോധം ജനങ്ങളിലുണ്ടാക്കാൻ സർക്കാറിനും കഴിയുന്നില്ല. ക്രമസമാധാനപാലനം ഉറപ്പാക്കുന്ന കാര്യത്തിൽ സർക്കാർ പൂർണ പരാജയമാണ് -ഓം പ്രകാശ് ആഞ്ഞടിച്ചു. 
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം വിവേക് തിവാരിയുടെ ഭാര്യ മുഖ്യമന്ത്രിയെ കണ്ടിരുന്നു. പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകുകയും ചെയ്തു. സർക്കാറിൽ പൂർണവിശ്വാസമുണ്ടെന്നും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിവേക് തിവാരിയുടെ ഭാര്യ പിന്നീട് പ്രതികരിച്ചു.
 

Latest News