വെല്ലിങ്ടണ്‍- പസഫിക് സമുദ്രത്തിലെ ദ്വീപു രാജ്യമായ മൈക്രൊനേഷ്യയില്‍ വെള്ളിയാഴ്ച വിമാനം ലാന്‍ഡിങ്ങിനിടെ കടല്‍ തടാകത്തില്‍ കൂപ്പുകുത്തിയുണ്ടായ അപകടത്തില്‍ ഒരു മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തെരച്ചിലില്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വിമാനത്തിനുള്ളില്‍ നിന്ന് ഒരു യാത്രക്കാരന്റെ മൃതദേഹം പുറത്തെടുത്തു. അപകടത്തില്‍ 35 യാത്രക്കാരും 12 ജീവനക്കാരും സുരക്ഷിതരാണെന്ന് നേരത്തെ എയര്‍ നുഗിനി അറിയിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ നാലു പേരുള്‍പ്പെടെ ഒമ്പതു പേര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുണ്ടായിരുന്നു. വെനോ ദ്വീപിലെ ചൂക്ക് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ് മോശം കാലാവസ്ഥ കാരണം കാഴ്ച മങ്ങിയതിനെ തുടര്‍ന്ന് വിമാനം അബദ്ധത്തില്‍ റണ്‍വെ വിട്ട് അപ്പുറത്തുള്ള ചൂക്ക് തടാകത്തില്‍ സുരക്ഷിതമായി ഇറങ്ങിയത്്. സമീപവാസികള്‍ ബോട്ടുകളിലെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. എല്ലാവരും രക്ഷപ്പെട്ടതായി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും യുഎസ് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ സംഘം വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന വിമാനത്തിനുള്ളില്‍ നടത്തിയ തെരച്ചിലിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്.