Sorry, you need to enable JavaScript to visit this website.

യു.പിയില്‍ ദിവസം നാല് ഏറ്റുമുട്ടലുകള്‍; പോലീസ് നല്‍കുന്നത് സമാന കുറ്റപത്രം

ന്യൂദല്‍ഹി- യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു ശേഷം ഉത്തര്‍പ്രദേശില്‍ പോലീസ് നടത്തിയ 1,500 ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടത് 66 പേര്‍. സാരമായി പരിക്കേറ്റ് കഴിയുന്നവര്‍ 700 പേരും. ദിവസം ശരാശരി നാല് ഏറ്റുമുട്ടല്‍ നടക്കുന്നുവെന്നാണ് കണക്കുകള്‍. ന്യൂനപക്ഷ, ദളിത് വിഭാഗം തിങ്ങിപ്പാര്‍ക്കുന്ന മീറത്ത്, ആഗ്ര, ബറേലി, കാണ്‍പൂര്‍ എന്നീ മേഖലകളിലാണ് കൂടുതല്‍ ഏറ്റുമുട്ടലുകള്‍ നടന്നതെന്ന് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എല്ലാ ഏറ്റുമുട്ടലുകള്‍ക്കും പോലീസ് തയാറാക്കുന്നത് സമാന കുറ്റപത്രമാണ്.
ജംഗ്ഷനില്‍ പോലീസ് കാത്തു നില്‍ക്കുന്നു. തടഞ്ഞ് നിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുന്നു. ആത്മരക്ഷാര്‍ഥം തിരിച്ചു വെടിവെക്കുന്നു എന്നിങ്ങനെയാണ് എല്ലാ ഏറ്റുമുട്ടലുകള്‍ക്കും തയാറാക്കുന്ന കുറ്റപത്രത്തില്‍ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയേയും ദേശീയ മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചു. വിഷയത്തില്‍ ഇടപെട്ട കോടതിയും കമ്മീഷനും റിപ്പോര്‍ട്ട് തേടി സര്‍ക്കാറിന് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും യു.പിയില്‍ പോലീസ് ഏറ്റുമുട്ടലുകള്‍ ദിനേന വ്യാപിക്കുകയാണ്. ഒടുവില്‍ ആപ്പിള്‍ കമ്പനി ജീവനക്കാരന്‍ വിവേക് തിവാരി കൊല്ലപ്പെട്ടതോടെയാണ് യോഗി ആദിത്യനാഥ് പ്രതിരോധത്തിലായത്. അധികാരം ലഭിച്ച ഉടനെ യോഗി  ചെയ്തത് പോലീസിന് എല്ലാ സ്വാതന്ത്ര്യവും നല്‍കുകയായിരുന്നു. ഓപറേഷന്‍ ക്ലീന്‍ എന്ന പദ്ധതി തയാറാക്കിയാണ് പോലീസ് ഏറ്റുമുട്ടലുകള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഏറ്റുമുട്ടലുകള്‍ വ്യാജമാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തു വരികയും പ്രതിഷേധിക്കുകയും ചെയ്തു. എന്നാല്‍, പോലീസ് ഏറ്റുമുട്ടലുകള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു അന്ന് നിയമസഭയില്‍ യോഗി ആദിത്യനാഥിന്റെ മറുപടി. ഏറ്റുമുട്ടലുകളില്‍ പങ്കെടുത്ത മിക്ക പോലീസുകാര്‍ക്കും സ്ഥാനക്കയറ്റവും പതിനായിരക്കണക്കിന് രൂപ പാരിതോഷികവും സര്‍ക്കാര്‍ നല്‍കിയിരുന്നു.
---

 

 

Latest News