വിജയവാഡ- ആന്ധ്രപ്രദേശിലെ തിരുപ്പതിയില്‍ പന്നിപ്പനി ബാധിച്ച് ഒരു മരണം. വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകരുടെ തിരക്ക് വര്‍ധിച്ചിരിക്കെയാണ് പന്നിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരാള്‍ മരിച്ചതിനു പുറമെ, രണ്ട് പേര്‍ക്ക് രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഭീതിയുടെ കാര്യമില്ലെന്നും ചിറ്റൂര്‍ ജില്ലാ കലക്ടര്‍ പി.എസ്. പ്രദ്യുംന പറഞ്ഞു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടിയിലാണ് മൂന്ന് പേരെ പന്നിപ്പനി ബാധിച്ച് ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചതെന്ന് ജില്ലാ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ ബി. രാമഗിദ്ധയ്യ പറഞ്ഞു. ചിറ്റൂര്‍ ജില്ലയിലെ ഗംഗാധരനെല്ലൂരിലെ സ്ത്രീയാണ് മരിച്ചത്. ജില്ലാ കലക്ടര്‍ ടെലി കോണ്‍ഫറന്‍സിലൂടെ മെഡിക്കല്‍, ഹെല്‍ത്ത് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തി.
പന്നിപ്പനി ലക്ഷണങ്ങളോടെ എത്തുന്നവരെ ചികിത്സിക്കുന്നതിനായി എസ്.വി.ഐ.എമ്മിലും ശ്രീ രാംനാരായണ റൂറല്‍ ആശുപത്രിയിലും പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കും. റെനിഗുണ്ട എയര്‍പോര്‍ട്ടിലും ബസ് സ്‌റ്റേഷനിലും തിരുപ്പതി റെയില്‍വേ സ്റ്റേഷനിലും മെഡിക്കല്‍ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ബോധവല്‍ക്കരണ കാമ്പയിനും ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തിരുമല മലയിലെ ബാലാജി ക്ഷേത്രത്തിലേക്ക് ദിവസം ഒരു ലക്ഷത്തോളം തീര്‍ഥാടകരാണ് എത്തിച്ചേരുന്നത്. തിരുപ്പതിയിലും വെങ്കടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമലയിലും അധികൃതര്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടിലും റെയില്‍വേ സ്‌റ്റേഷനിലും തീര്‍ഥാടകര്‍ക്ക് മാസ്‌കുകള്‍ വിതരണം ചെയ്യുന്നുണ്ട്.