ജിദ്ദ - ഇന്ത്യൻ വിദ്യാർഥി മുഹമ്മദ് ഇൽയാസിന്റെ വിയോഗത്തിൽ കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ഡയറക്ടർ ഡോ. അബ്ദുറഹ്മാൻ അൽയൂബി ബന്ധുക്കളെ അനുശോചനം അറിയിച്ചു. വിദ്യാർഥിയുടെ ബന്ധുക്കൾക്ക് സൗദി വിസ ലഭ്യമാക്കുന്നതിനും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റു ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും അദ്ദേഹം നിർദേശം നൽകി. മക്കയിൽ വിശുദ്ധ ഹറമിൽ വെച്ച് മുഹമ്മദ് ഇൽയാസിന്റെ മയ്യിത്ത് നമസ്കാരം നിർവഹിച്ച് മൃതദേഹം മക്കയിൽ ഖബറടക്കി. വിദ്യാർഥിയുടെ വിയോഗത്തിൽ അനുശോചനം പ്രകടിപ്പിക്കുന്നതിന് ബോയ്സ് ഹോസ്റ്റലിൽ സംഘടിപ്പിച്ച ചടങ്ങിൽ അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും പങ്കെടുത്തു.
പഠനത്തിൽ മികവ് പുലർത്തിയിരുന്ന മുഹമ്മദ് ഇൽയാസ് ഉന്നത സ്വഭാവവിശേഷങ്ങളുടെ ഉടമയായിരുന്നു. കിംഗ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റി ശരീഅത്ത്, ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിൽ കർമശാസ്ത്ര കോഴ്സിന് സ്കോളർഷിപ്പോടെയാണ് മുഹമ്മദ് ഇൽയാസ് പഠിച്ചിരുന്നത്. മാസ്റ്റർ കോഴ്സിന് ചേരുന്നതിനു മുമ്പ് വിദേശ വിദ്യാർഥികൾക്കുള്ള അറബി ഭാഷാ വിഭാഗത്തിൽ വിദ്യാർഥിയായിരുന്നു. ഈ ബാച്ചിൽ ഒന്നാം റാങ്കോടെയാണ് മുഹമ്മദ് ഇൽയാസ് പാസായത്. അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം വിദ്യാർഥി ഇഹലോകവാസം വെടിയുകയായിരുന്നു.