Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് ഇനി ഐ.എം.എഫ് ചീഫ് ഇക്കണൊമിസ്റ്റ്

ന്യുയോര്‍ക്ക്- ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റി പ്രൊഫസറും മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക കാര്യ ഉപദേഷ്ടാവുമായ ഗീതാ ഗോപിനാഥിനെ രാജ്യാന്തര നാണ്യ നിധി (ഐ.എം.എഫ്) ചീഫ് ഇക്കണൊമിസ്റ്റായി നിയമിച്ചു. നിലവില്‍ ഈ പദവി വഹിക്കുന്ന മൗരി ഓബ്‌സഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. ഹാവാഡില്‍ ജോണ്‍ സ്വാന്‍സ്ട്ര പ്രൊഫസര്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ് ആന്റ് ഇക്കണൊമിക്‌സ് പദവി വഹിച്ചു വരികയാണിപ്പോള്‍ ഗീത. ഇന്‍ര്‍നാഷണല്‍ ഫിനാന്‍സ്, മാക്രോ ഇക്കണൊമിക്‌സ് എന്നീ വിഷയങ്ങളില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തിയ സാമ്പത്തിക ശാസ്ത്രജ്ഞയാണ് മലയാളി വേരുകളുള്ള ഗീത. ഐ.എം.എഫ് മേധാവി ക്രിസ്റ്റീന്‍ ലെഗാര്‍ദ് ഗീതയെ അഭിനന്ദിച്ചു.

ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ഗീത അമേരിക്കന്‍ പൗരയാണ്. ദല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി.എ പാസായ ശേഷം ദല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണൊമിക്‌സ്, യുണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 2001ല്‍ പ്രിന്‍സറ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പി.എച്.ഡി ബിരുദം നേടിയത്. അമേരിക്കന്‍ അക്കാദമി ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സില്‍ ഫെലോ ആയി ഗീത തരഞ്ഞെടുക്കപ്പെട്ടത് ഈ വര്‍ഷമാണ്. 45 വയസ്സില്‍ താഴെ പ്രായമുള്ള ലോകത്തെ മികച്ച 25 സാമ്പത്തിക വിദഗ്ധരില്‍ ഒരാളായി 2014ല്‍ ഐ.എം.എഫ് ഗീതയെ തെരഞ്ഞെടുത്തിരുന്നു. 2011ലെ ലോക് സാമ്പത്തിക ഫോറത്തില്‍ യംഗ് ഗ്ലോബല്‍ ലീഡറായും ഗീത തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Latest News