ഈ മുതലാളി വീണ്ടും ഞെട്ടിച്ചു; 25 വര്‍ഷം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്ക് സമ്മാനമായി ബെന്‍സ് കാറുകള്‍

സുറത്ത്- ജീവനക്കാര്‍ക്ക് ഞെട്ടിപ്പിക്കുന്ന സമ്മാനങ്ങള്‍ നല്‍കി ഏവരേയും അമ്പരിപ്പിക്കുന്ന ഗുജറാത്തിലെ വജ്ര വ്യവസായി സാവ്ജി ധൊലാക്കിയ വീണ്ടും തന്റെ ജീവനക്കാര്‍ക്ക് അപൂര്‍വ സമ്മാനം നല്‍കി ഞെട്ടിച്ചു. ആറായിരം കോടി രൂപയുടെ മൂല്യമുള്ള തന്റെ വജ്രവ്യവസായ സാമ്രാജ്യമായ ഹരി കൃഷ്ണ എക്‌സ്‌പോര്‍ട്‌സില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ മൂന്ന് ജീവനക്കാര്‍ക്ക് മെഴ്‌സീസിഡ് ബെന്‍സിന്റെ ആഢംബര എസ്.യു.വിയായ ജി.എല്‍.എസ് മോഡലാണ് ധൊലാക്കിയ സമ്മാനിച്ചത്. ഒരു കോടിയോളം രൂപ വില വരും ഈ കാറിന്. രണ്ടു വര്‍ഷം മുമ്പ് 400 ഫ്്‌ളാറ്റുകളും 1,260 കാറുകളും ബോണസായി നല്‍കി തന്റെ ജീവനക്കാര്‍ക്ക് വന്‍ സര്‍പ്രൈസ് നല്‍കിയിരുന്നു.

സൂറത്തില്‍ രണ്ടു ദിവസം മുമ്പ് നടന്ന ചടങ്ങില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും മധ്യപ്രദേശ് ഗവര്‍ണറുമായ ആനന്ദിബെന്‍ പട്ടേലാണ് ധൊലാക്കിയയുടെ മൂന്ന് ജീവനക്കാര്‍ക്ക് ആഢംബര കാറിന്റെ ചാവി കൈമാറിയത്. നിലേഷ് ജാദ (40), മുകേഷ് ചാന്ദ്പറ (38), മഹേഷ് ചാന്ദ്പറ (43) എന്നീ മൂന്ന് പേര്‍ക്കാണ് ഉപഹാരമായി കാറുകള്‍ ലഭിതച്ചത്. 13ഉം 15ഉം വയസ്സില്‍ കമ്പനിയില്‍ ജോലിക്കു ചേര്‍ന്നവരാണ് ഇവര്‍. വജ്രങ്ങള്‍ കട്ട് ചെയ്യുന്നതും മിനുക്കുന്നുതും കമ്പനിയില്‍ നിന്നും പഠിച്ച ഇവര്‍ ഇന്ന് വിദഗ്ധരും കമ്പനിയിലെ ഏറ്റവും മുതിര്‍ന്നവരും വിശ്വസ്തരുമായ ജീവനക്കാരാണെന്നും ധൊലാക്കിയ പറയുന്നു. ഇവരുടെ ആത്മാര്‍ത്ഥമായ സേവനവും കഠിനാധ്വാനവും കമ്പനിയോടുള്ള കൂറും കണക്കിലെടുത്താണ് ഈ ഉപഹാരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

കമ്പനിയിലെ ഫാന്‍സി ഡയമണ്ട് കട്ടര്‍ ആയിരുന്ന ദിപീല് സാവാലിയ കാറപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മാതാപിതാക്കള്‍ക്കും ഒരു കോടി രൂപയുടെ ചെക്കുകളും ധൊലാക്കിയ നല്‍കിയിരുന്നു.
 

Latest News