Sorry, you need to enable JavaScript to visit this website.

കാന്‍സര്‍ ചികിത്സാ രംഗത്തെ കണ്ടെത്തലിന് യുഎസ്, ജപ്പാന്‍ ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍

സ്റ്റോക്കോം- കാന്‍സര്‍ ചികിത്സാ രംഗത്തെ വിപ്ലകരമായ കണ്ടുപിടിത്തം നടത്തിയ ജാപനീസ് ശാസ്ത്രജ്ഞന്‍ ടസുകു ഹോന്‍ജോ,  യുഎസ് ശാസ്ത്രജ്ഞന്‍ ജെയിംസ് അലിസണ്‍ എന്നിവര്‍ക്ക് ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര രംഗത്തെ മികവിനുള്ള നൊബേല്‍ പുരസ്‌ക്കാരം. രോഗ പ്രതിരോധ ശേഷി ഗവേഷണ രംഗത്ത് ശ്രദ്ധയൂന്നിയ പ്രഗത്ഭരായ ഇവരുടെ പുതിയ രീതിയിലുള്ള കാന്‍സര്‍ തെറപി കണ്ടുപിടിത്തത്തിനാണ് പുരസ്‌ക്കാരം. രോഗ പ്രതിരോധ സംവിധാനത്തിലെ കോശങ്ങളും കാന്‍സര്‍ കോശങ്ങളും ഉല്‍പ്പാദിപ്പിക്കുന്ന പ്രോട്ടീനുകളെ നിയന്ത്രിക്കുകയാണ് ഇവര്‍ കണ്ടെത്തിയ ഇമ്യൂണ്‍ ചെക്‌പോയിന്റ് ഇന്‍ഹിബിറ്റര്‍ തെറപി ചികിത്സാ രീതി. കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിക്ക് തടയിടാന്‍ ഈ പ്രോട്ടീനുകള്‍ക്ക് കഴിയും. ഈ പ്രോട്ടീനുകളെ പൊളിച്ച് ശരീരത്തിന്റെ കാന്‍സര്‍ പ്രതിരോധ ശേഷിയെ വേഗത്തില്‍ രോഗവുമായി എതിരിടാന്‍ സഹായിക്കുകയാണ് ഈ ചികിത്സാ രീതി ചെയ്യുന്നത്. കാന്‍സര്‍ ചികിത്സാ രംഗത്ത് വിപ്ലവാത്മകമായ കണ്ടുപിടിത്തമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.  ജപാനിലെ ക്യോട്ടോ സര്‍വകലാശാല പ്രൊഫസര്‍ ആണ് ഹോന്‍ജോ. യുഎസിലെ ടെകസസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ് അലിസണ്‍. നൊബേല്‍ സമ്മാന തുകയായ 11 ലക്ഷത്തോളം യുഎസ് ഡോളര്‍ ഇരുവരും പങ്കിടും. ഡിസംബര്‍ 10-നാണ് പുരസ്‌ക്കാര വിതരണം.

Latest News