Sorry, you need to enable JavaScript to visit this website.

ആപ്പിള്‍ ഉദ്യോഗസ്ഥന്റെ കൊല; ആദിത്യനാഥ് കുടുംബത്തെ കണ്ടു,നഷ്ടപരിഹാരം ഉറപ്പുനല്‍കി

ലഖ്‌നൗ-ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ പോലീസുകാരന്‍ വെടിവെച്ചു കൊലപ്പെടുത്തിയ ആപ്പിള്‍ എക്‌സിക്യുട്ടീവ് വിവേക് തിവാരിയുടെ ഭാര്യയും കുടുംബവും മുഖ്യമന്ത്രി ആദിത്യനാഥിനെ സന്ദര്‍ശിച്ചു. സംഭവത്തില്‍ അറസ്റ്റിലായ പ്രതിയേയും സഹപ്രവര്‍ത്തകനേയും ഉടന്‍തന്നെ പിരിച്ചുവിട്ടിരുന്നു.
ഔദ്യോഗിക വസതിയിലാണ് മുഖ്യമന്ത്രി ആദിത്യനാഥ് വിവേക് തിവാരിയുടെ കുടുംബത്തെ കണ്ടത്.  കുടുംബത്തെ വീട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മയും 25 മിനിറ്റ് നീണ്ട ചര്‍ച്ചയില്‍ പങ്കെടുത്തു.

 
സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതിനുപുറമെ അഞ്ച് ലക്ഷം രൂപ തിവാരിയുടെ മക്കളുടെ വിദ്യാഭ്യാസത്തിനും അഞ്ച് ലക്ഷം രൂപ തിവാരിയുടെ പ്രായമായ മാതാവിനും നല്‍കും. ഞാന്‍ പറഞ്ഞതെല്ലാം കേട്ട അദ്ദേഹം സഹായം വാഗ്ദാനം ചെയ്തു. സംസ്ഥാന സര്‍ക്കാരിലുള്ള വിശ്വാസം ഞാന്‍ നേരത്തെ പറഞ്ഞതാണ്. ഇപ്പോള്‍ അത് കൂടുതല്‍ ശക്തിപ്പെട്ടു- ആപ്പിള്‍ സെയില്‍സ് മാനേജറായിരുന്ന തിവാരിയുടെ വിധവ കല്‍പന തിവാരി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
എന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി, ഒരു ജോലി, താമസസൗകര്യം, മക്കളുടെ വിദ്യഭ്യാസത്തിനും ഭര്‍തൃമാതാവിനുമുള്ള ചെലവ് എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. മുഖ്യമന്ത്രി എന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചതായി അവര്‍  പറഞ്ഞു.


തിവാരിയുടെ കൊലപാതകം മറച്ചുവെക്കുന്നതിന് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായി നേരത്തെ യു.പി സര്‍ക്കാരിലെ മുതിര്‍ന്ന മന്ത്രി ആരോപിച്ചിരുന്നു.ഞായറാഴ്ച ഉച്ചക്ക് സ്ഥലം സന്ദര്‍ശിച്ച ഐ.ജി രണ്ടു മണിക്കൂറോളം ചെലവഴിച്ചാണ് സാമ്പിളുകള്‍ ശേഖരിച്ചത്.
മുഖ്യമന്ത്രി സന്ദര്‍ശിച്ച് ആവശ്യങ്ങളില്‍ ഉറപ്പുനല്‍കുന്നതുവരെ മൃതദേഹം മറവുചെയ്യില്ലെന്ന് നേരത്തെ വിവേക് തിവാരിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. ഒരു കോടി രൂപയാണ് കമ്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറില്‍ പോലീസുകാരയ പ്രശാന്ത്, സന്ദീപ് എന്നിവരുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ട്. എഫ്.ഐ.ആറില്‍ പോലീസുകാരുടെ പേരുകള്‍ ഉള്‍പ്പെടുത്തണമെന്നത് വിവേകിന്റെ കുടുംബം ഉന്നയിച്ച ആവശ്യമായിരുന്നു. രണ്ടാമത്തെ എഫ്.ഐ.ആറില്‍ വിവേകിന്റെ വിധവ കല്‍പനയാണ് മുഖ്യപരാതിക്കാരി. സെപ്റ്റംബര്‍ 29 ന് രാത്രിയാണ് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന വിവേക് തിവാരി വെടിയെറ്റു മരിച്ചത്. വിവേകിനോടൊപ്പം വനിതാ സഹപ്രവര്‍ത്തകയുമുണ്ടായിരുന്നു. ബൈക്കിലെത്തിയ പോലീസുകാര്‍ വിവേക് കാര്‍ നിര്‍ത്താന്‍ തയാറായില്ലെന്ന് പറഞ്ഞാണ് നിറയൊഴിച്ചത്. സ്വയംപ്രതിരോധത്തിനായാണ് വെടിവെച്ചതെന്നും ഇരുവരും അവകാശപ്പെട്ടു.
സമീപത്തെ സിസിടിവി ക്യാമറ പോലീസ് പരിശോധിച്ചെങ്കിലും വെടിവെപ്പ് നടന്ന സ്ഥലത്തുനിന്നുള്ള ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. പുലര്‍ച്ചെ 1.19ന് വിവേകിന്റെ കാര്‍ കടന്നുപോയതായി ലഭ്യമായ ദൃശ്യം സ്ഥിരീകരിച്ചിരുന്നു. കാറിടിച്ച തൂണില്‍നിന്ന് 250 മീറ്റര്‍ അകലെയാണ് വിവേകിന് വെടിയേറ്റിരുന്നത്.
 
 

Latest News