ജക്കാര്‍ത്ത- സുനാമിയുടെ ഭൂകമ്പവും തകര്‍ത്തെറിഞ്ഞ ഇന്തൊനേഷ്യയിലെ സുലവേസി ദ്വീപിലെ വിവിധ ജയിലുകളില്‍ നിന്ന് തടവുകാര്‍ കൂട്ടത്തോടെ ചാടി. തടവറകളും അതിര്‍ത്തി മതിലുകളും പൊളിഞ്ഞ ജയിലുകളില്‍ നിന്ന് 1200ഓളം തടവുകാര്‍ രക്ഷപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. 120 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ ശേഷിയുള്ള പാലുവിലെ ഒരു ജയിലില്‍ തടവിലിട്ടിരുന്ന 581 പേരില്‍ ഭൂരിപക്ഷം പേരും രക്ഷപ്പെട്ടു. ഭൂകമ്പത്തിനു ശേഷം വലിയ കുഴപ്പമുണ്ടായിരുന്നില്ലെന്നും എന്നാല്‍ സുനാമി ആഞ്ഞടിച്ചതോടെ തടവുകകാര്‍ രക്ഷപ്പെട്ടോടുകയായിരുന്നെന്നും നീതിന്യായ മന്ത്രാലയം ഉദ്യോഗസ്ഥന്‍ ശ്രീ പുഗു ഉതമി പറഞ്ഞു. പാലുവിലും ഡൊങ്കലയിലും ജയിലുകളുടെ പ്രധാന വാതില്‍ പൊളിച്ച് തടവുകാര്‍ രക്ഷപ്പെട്ടോടിയതായും റിപോര്‍ട്ടുണ്ട്. ഡൊങ്കലയിലെ ഒരു ജയില്‍ തടവുകാര്‍ തീയിട്ടു നശിപ്പിച്ചു. ജയിലില്‍ തടവിലുണ്ടായിരുന്ന 343 പേരും രക്ഷപ്പെട്ടു. ഭൂകമ്പത്തിലും സുനാമിയിലും പെട്ട കുടുംബത്തേയും ബന്ധുക്കളേയും കാണണമെന്നാവശ്യപ്പെട്ട് തടവുകാര്‍ രോഷാകുലരായിരുന്നതായും ഉതമി പറയുന്നു. ഇവരെ പുറത്തുവിടുന്ന കാര്യം അധികൃതര്‍ ചര്‍ച്ച ചെയ്തപ്പോഴേക്കും ചില തടവുകാര്‍ ചേര്‍ന്ന് തീയിടുകയായിരുന്നു. ജയിലുകളില്‍ ബാക്കിയായ തടവുകാരെ നിയന്ത്രിക്കാന്‍ ഗാര്‍ഡുകള്‍ പാടുപെടുകയാണെന്നും ജയിലുകളില്‍ ഭക്ഷണ ക്ഷാമമുണ്ടെന്നും ഉതമി പറഞ്ഞു.