ന്യുദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപ വെട്ടിച്ച് വിദേശത്തേക്ക് മുങ്ങിയ വജ്ര വ്യവസായി നീരവ് മോഡിയുടെ 637 കോടിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറിയിച്ചു. ഇന്ത്യയ്ക്കു പുറമെ യു.എസ്, യു.കെ ഉള്‍പ്പെടെ നാലു മറ്റു രാജ്യങ്ങളിലായുള്ള വന്‍ വില വരുന്ന ആഭരണങ്ങള്‍, ആഢംബര അപാര്‍ട്‌മെന്റുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ആദ്യമായാണ് ഒരു ക്രിമിനല്‍ കേസില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ വിദേശത്തെ സ്വത്തുകള്‍ പിടിച്ചെടുക്കുന്നത്.
ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലുളള ആഢംബര അപാര്‍ട്‌മെന്റും പിടിച്ചെടുത്തു. 216 കോടി രൂപയാണ് ഈ വീടിനു കണക്കാക്കുന്ന വില. നീരവ് മോഡിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും പങ്കുള്ള ഒരു ട്രസ്റ്റിന്റെ പേരില്‍ വാങ്ങിയതായിരുന്നു ഇത്. നീരവ് മോഡിയുടെ സഹോദരി പൂര്‍വി മോഡിയുടെ പേരിലുള്ള ലണ്ടനിലെ 57 കോടി രൂപ മൂല്യമുള്ള അപാര്‍ട്‌മെന്റും പിടിച്ചെടുത്തു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് തട്ടിയ പണം ഉപയോഗിച്ചാണ് ഈ അപാര്‍ട്‌മെന്റ് 2017ല്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഹോങ്കോങ്ങില്‍ നിന്ന് പിടിച്ചെടുത്ത 22.69 കോടി രൂപ മൂല്യമുള്ള വജ്രാഭരണങ്ങള്‍ 23 പെട്ടികളിലാക്കിയാണ് ഇന്ത്യയിലെത്തിച്ചത്. ജനുവരിയില്‍ സി.ബി.ഐ കേസെടുത്ത് അന്വേഷണമാരംഭിച്ചപ്പോള്‍ നീരവ് മോഡി ഹോങ്കോങ്ങിലേക്ക് കടത്തിയതായിരുന്നു ഇവ. ഹോങ്കോങിലെ ഒരു സ്വകാര്യ കമ്പനിയുടെ രഹസ്യ സൂക്ഷിപ്പു കേന്ദ്രത്തില്‍ നിന്നാണ് ഇവ പിടികൂടിയത്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും തട്ടിയെടുത്ത പണം ദുബയ്, ബഹാമാസ്, യുഎസ്എ, സിംഗപൂര്‍ എന്നിവിടങ്ങളില്‍ സ്വത്തുകള്‍ വാരിക്കൂട്ടാനും മറ്റാവശ്യങ്ങള്‍ക്കുമാണ് ഉപേയാഗപ്പെടുത്തിയിരുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.