ക്വാലാലംപൂർ - ഒന്നരപ്പതിറ്റാണ്ടിനു ശേഷം അണ്ടർ-16 ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാർട്ടർ ഫൈനൽ കളിക്കുന്ന ഇന്ത്യക്ക് തെക്കൻ കൊറിയയെ തോൽപിച്ചാൽ ലോകകപ്പ് ബെർത്ത് ലഭിക്കും. പെറുവിൽ അടുത്ത വർഷമാണ് അണ്ടർ-17 ലോകകപ്പ്. കഴിഞ്ഞ തവണ ആതിഥേയരെന്ന നിലയിൽ ഇന്ത്യ ലോകകപ്പ് കളിച്ചിരുന്നു.
ടൂർണമെന്റിലെ വമ്പന്മാരിലൊന്നാണ് കൊറിയ. 16 വർഷം മുമ്പ് അവസാനമായി ക്വാർട്ടർ കളിച്ചപ്പോൾ കൊറിയയോട് ക്വാർട്ടറിൽ ഇന്ത്യ 1-3 ന് തോൽക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടം മുതൽ കരുത്തരായ ടീമുകൾക്കെതിരെയാണ് പൊരുതിയതെന്നും ക്വാർട്ടറിലും കൊറിയയാണ് ശക്തമായ ടീമെന്നും ഇന്ത്യൻ ടീമിന്റെ കോച്ച് ബിബിയാനൊ ഫെർണാണ്ടസ് പറഞ്ഞു. കൊറിയക്കെതിരെ പൊരുതി നിൽക്കുകയെന്നതായിരിക്കും ടീമിന്റെ തന്ത്രമെന്നും ബിബിയാനൊ പറഞ്ഞു. കൊറിയൻ ടീം ടൂർണമെന്റിൽ 12 ഗോളടിച്ചു. ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ല. ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായിരുന്നു അവർ. ഇന്ത്യ ഗ്രൂപ്പ് സി-യിലെ രണ്ടാം സ്ഥാനക്കാരാണ്. ഇന്ത്യയും ഗോൾ വഴങ്ങിയിട്ടില്ല. സെൻട്രൽ ഡിഫന്റർ ബികാഷ് യുംനം സസ്‌പെന്റ് ചെയ്യപ്പെട്ടത് ഇന്ത്യക്ക് ക്ഷീണമാണ്.
പേറ്റാലിംഗ് ജയ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം സ്റ്റാർ സ്‌പോർട്‌സ് സംപ്രേഷണം ചെയ്യും.