മുംബൈ - ഇംഗ്ലണ്ട് പര്യടനത്തിൽ തുടക്കം മുതൽ ടീമിലുണ്ടായിട്ടും ഒരു മത്സരത്തിലും അവസരം കിട്ടാതിരുന്ന കരുൺ നായരെ വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ടീമിൽ നിന്ന് ഒഴിവാക്കിയത് ചോദ്യം ചെയ്യപ്പെടുന്നു. ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റിനു ശേഷം ടീമിലേക്ക് വന്ന പൃഥ്വി ഷായെയും ഹനുമ വിഹാരിയെയും ടീമിൽ നിലനിർത്തിയിട്ടുണ്ട്. മാത്രമല്ല, കരുൺ ടീമിലുണ്ടായിട്ടും ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഹനുമയെയാണ് കളിപ്പിച്ചത്.
എന്തുകൊണ്ടാണ് ഇംഗ്ലണ്ട് പര്യടനത്തിൽ തന്നെ കളിപ്പിക്കാതിരുന്നതെന്നോ ഇപ്പോൾ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നോ ടീം മാനേജ്മെന്റിനോട് ചോദിച്ചിട്ടില്ലെന്ന് കർണാടകയുടെ മലയാളി താരം പറഞ്ഞു. ഇംഗ്ലണ്ടിൽ അധിക സമയവും ട്രയ്നർ ശങ്കർ ബസുവിനൊപ്പമാണ് ചെലവിട്ടതെന്നും ടീമിൽ ഏറ്റവും ഫിറ്റ്നസുള്ള കളിക്കാരൻ താനാണെന്ന് അദ്ദേഹം പ്രശംസിച്ചിട്ടുണ്ടെന്നും കരുൺ വെളിപ്പെടുത്തി. സാധാരണ മനുഷ്യനെന്ന നിലയിൽ വളരെ പ്രയാസകരമായ സാഹചര്യമാണ് ഇത്. സെലക്ടർമാരും ടീം മാനേജ്മെന്റും എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനേ പറ്റൂ. അവസരം കിട്ടുമ്പോൾ എന്റെ ബാറ്റ് സംസാരിക്കും -കരുൺ പറഞ്ഞു. വെസ്റ്റിൻഡീസിനെതിരെ ബോർഡ് പ്രസിഡന്റ് ഇലവനെ നയിക്കുകയാണ് കരുൺ ഇപ്പോൾ. 29 റൺസെടുക്കാനേ കരുണിന് കഴിഞ്ഞൂള്ളൂ. കരുണിന് പകരം ഇന്ത്യൻ ടീമിലെത്തിയ മായാങ്ക് അഗർവാൾ 90 റൺസ് നേടി.
സെലക്ടർമാരും ടീം മാനേജ്മെന്റും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് കരുൺ എന്നാണ് സൂചന.
കരുണിനെയും അജിൻക്യ രഹാനെയെയുംകാൾ ടീം മാനേജ്മെന്റിന് താൽപര്യം രോഹിത് ശർമയെയാണ്. എന്നാൽ ഇംഗ്ലണ്ട് പര്യടനത്തിൽ രോഹിതിനെ ഉൾപെടുത്തിയില്ല. പകരം ടീമിലെത്തിയ കരുണിനെ ടീം മാനേജ്മെന്റ് കളിപ്പിച്ചുമില്ല. ഫലത്തിൽ കരുണിന് ടീമിൽ അവസരം കിട്ടിയുമില്ല, ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോം തെളിയിക്കാനുമായില്ല. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് റൺസെടുത്തവർ ടീമിൽ എത്തി.