പുൽപള്ളി -വരൾച്ചയെയും പ്രളയത്തെയും പ്രതിരോധിക്കാൻ മുളങ്കാടുകൾക്കു കഴിയും. ഇത് മുള്ളൻകൊല്ലി തട്ടാംപറമ്പിൽ ജോർജിന്റെ അനുഭവപാഠം. വയനാട്ടിൽ വേനൽത്തുടക്കത്തിലേ വരൾച്ച ഗ്രസിക്കുന്ന പ്രദേശങ്ങളിലൊന്നാണ് മുള്ളൻകൊല്ലി. ചുട്ടുപൊള്ളുന്ന വേനലിൽ തോട്ടങ്ങളിൽ വിളകൾ കൂട്ടത്തോടെ കരിഞ്ഞുനശിക്കുന്നതു കർണാടകയോടു ചേർന്നു കിടക്കുന്ന മുള്ളൻകൊല്ലിയിലെ കർഷകർക്കു പുതുമയല്ല.
വരൾച്ചയും കൃഷിനാശവും ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ജോർജ് തന്റെ കൃഷിഭൂമി അതിരിടുന്ന കരമാൻതോടിന്റെ കരയിൽ മുളകൾ നട്ടുവളർത്തിയത്. കർണാടകയിൽനിന്നുള്ള ഉഷ്ണക്കാറ്റിനെ പ്രതിരോധിക്കാനും വിളകളെ ഒരളവോളം സംരക്ഷിക്കാനും മുളങ്കൂട്ടങ്ങൾക്കു കരുത്തുണ്ടെന്നു ജോർജിനു ബോധ്യപ്പെട്ടു. ഒടുവിൽ പ്രളയത്തെ പ്രതിരോധിക്കാനുള്ള മുളങ്കൂട്ടങ്ങളുടെ ശേഷിയും ഈ കർഷകൻ തിരിച്ചറിഞ്ഞു.
കനത്തമഴയിൽ കരമാൻതോട് കരകവിഞ്ഞ് സമീപത്തെ തോട്ടങ്ങളുടെ അതിരുകളിൽ വൻതോതിൽ മണ്ണിടിഞ്ഞു. എന്നാൽ മുളങ്കൂട്ടങ്ങൾ കവചമൊരുക്കിയ ജോർജിന്റെ ഭൂമിയുടെ അതിരിൽ മണ്ണിടിച്ചിൽ ഉണ്ടായതേയില്ല. പ്രളയജലം കൃഷിയിടത്തിലേക്കു കുത്തിയൊലിക്കുന്നതു തയാനും മുളങ്കൂട്ടങ്ങൾക്കായി.
വർഷങ്ങൾ മുമ്പ് മുളയുടെ 40 തൈകളാണ് ജോർജ് കടമാൻ തോടിനോടു ചേർന്ന് കൃഷിയിടത്തിന്റെ അതിരിൽ നട്ടത്. വളർന്നു പന്തലിച്ച തൈകൾ ഇപ്പോൾ ജൈവവേലിയായി മാറി. മൂപ്പെത്തിയ മുളകൾ മുറിച്ചുവീറ്റ് ജോർജ് മോശമല്ലാത്ത വരുമാനം നേടുന്നുണ്ട്. കാർഷികാവശ്യത്തിനുള്ള താങ്ങുകാലുകൾക്കും പന്തലിനും മറ്റുമായി നിരവധിയാളുകളാണ് ജോർജിന്റെ കൃഷിയിടത്തിലെത്തി മുള വാങ്ങുന്നത്.