Sorry, you need to enable JavaScript to visit this website.

50 തികയാതെ ബാംഗ്ലൂർ

 49 റൺസിന് ഓളൗട്ട്, ഐ.പി.എല്ലിലെ ചെറിയ സ്‌കോർ  ഒരു ബാറ്റ്‌സ്മാനും രണ്ടക്കം കണ്ടില്ല

കൊൽക്കത്ത - ഐ.പി.എല്ലിലെ ഏറ്റവും ഭയപ്പെടുത്തുന്ന ബാറ്റിംഗ് നിരക്ക് ഈഡൻ ഗാർഡൻസ് ശവക്കുഴിയായി. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ് ഐ.പി.എല്ലിലെ എക്കാലത്തെയും ചെറിയ സ്‌കോറായ 49 റൺസിന് ഓളൗട്ടായി.
 കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനു മുന്നിൽ അവർക്ക് പത്തോവർ പോലും പിടിച്ചുനിൽക്കാനായില്ല. 9.4 ഓവറിൽ ഓളൗട്ടായ ബാംഗ്ലൂർ 82 റൺസിന്റെ കനത്ത തോൽവിയാണ് വാങ്ങിയത്.
മികച്ച തുടക്കത്തിനു ശേഷം കൊൽക്കത്ത 19.3 ഓവറിൽ 131 ന് ഓളൗട്ടായപ്പോൾ ബാംഗ്ലൂരിന് ആ ലക്ഷ്യം ക്ഷിപ്രസാധ്യമാണെന്നാണ് തോന്നിയത്. 
എന്നാൽ നാടകീയമായി ബാംഗ്ലൂർ തകർന്നു. ക്രിസ് ഗയ്‌ലും (17 പന്തിൽ 7) ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും (0) എബി ഡിവിലിയേഴ്‌സും (6 പന്തിൽ 8) കേദാർ ജാദവും (7 പന്തിൽ 9) സ്റ്റുവാർട് ബിന്നിയും (9 പന്തിൽ 8) ഉൾപ്പെടെ അവരുടെ ഒരു ബാറ്റ്‌സ്മാനും രണ്ടക്കത്തിലെത്തിയില്ല. മൂന്നോവറിൽ 21 റൺസ് വഴങ്ങി കോഹ്‌ലിയെയും ഡിവിലിയേഴ്‌സിനെയും കേദാറിനെയും ഓസ്‌ട്രേലിയൻ പെയ്‌സ്ബൗളർ നാഥൻ കൂൾടർ നെയ്ൽ പുറത്താക്കിയ ശേഷം കോളിൻ ഡി ഗ്രാന്റ്‌ഹോമും ക്രിസ് വോക്‌സും ചുക്കാനേറ്റെടുത്തു. പത്ത് പന്തിൽ നാല് റൺസ് മാത്രം വിട്ടുകൊടുത്ത് വാലറ്റത്തെ ഗ്രാൻഡ്‌ഹോം തുടച്ചുനീക്കി (1.4-0-4-3). വോക്‌സിനും മൂന്നു വിക്കറ്റ് കിട്ടി (2-0-6-3).
കൊൽക്കത്ത 50 റൺസെങ്കിലും കുറവാണ് നേടിയതെന്നായിരുന്നു ആദ്യ വിലയിരുത്തൽ. 132 റൺസ് മതിയായിരുന്നു ബാംഗ്ലൂരിന് ജയിക്കാൻ. ഓവറിൽ 6.6 റൺസ്. ഗയ്‌ലും കോഹ്‌ലിയും ഡിവിലിയേഴ്‌സുമുൾപ്പെട്ട നിരക്ക് അത് ഉറക്കത്തിൽ പോലും നേടാവുന്ന സ്‌കോറായിരുന്നു. എന്നാൽ കൊൽക്കത്തയുടെ ഒന്നാന്തരം ബൗളിംഗിനും ഗൗതം ഗംഭീറിന്റെ മികവുറ്റ ക്യാപ്റ്റൻസിക്കും മുന്നിൽ കോഹ്‌ലിയും കൂട്ടരും ചീട്ടുകൊട്ടാരം പോലെ തകർന്നു. ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ പത്താമത്തെ സ്‌കോറാണ് ഇത്. 130 നു താഴെ സ്‌കോർ ഒരു ടീം പ്രതിരോധിക്കുന്നതും പത്താം തവണയാണ്. ഐ.പി.എല്ലിൽ ഒരു ടീമിന്റെ പത്തു വിക്കറ്റും പെയ്‌സ്ബൗളർമാർ നേടുന്നത് മൂന്നാം തവണയാണ്. ഉമേഷ് യാദവിനായിരുന്നു അവശേഷിച്ച വിക്കറ്റ്. 
സുനിൽ നരേനും (17 പന്തിൽ 34) ഗംഭീറും (14) 22 പന്തിൽ 48 റൺസ് നേടി നല്ല തുടക്കം നൽകിയ ശേഷം കൊൽക്കത്തക്ക് വഴി തെറ്റിയിരുന്നു. 
റോബിൻ ഉത്തപ്പയും (11) മനീഷ് പാണ്ഡെയും (15) സൂര്യശേഖർ യാദവും (15) വോക്‌സും (18) മാത്രമേ പിന്നീട് ചെറിയ സംഭാവനയെങ്കിലും നൽകിയുള്ളൂ.
 

Latest News