ന്യുദല്‍ഹി- ആള്‍ദൈവ വേഷംകെട്ടി യോഗയിലൂടെ പ്രസിദ്ധനായ ബാബ രാംദേവ് കോടികള്‍ വാരിക്കൂട്ടി വന്‍ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ കഥ പറയുന്ന പുസ്തകത്തിന്റെ വില്‍പ്പന ദല്‍ഹി ഹൈക്കോടതി തടഞ്ഞു. 'ഗോഡ്മാന്‍ ടു ടൈക്കൂണ്‍: അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബാബ രാംദേവ്' എന്ന പുസ്തകത്തിലെ രാംദേവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങള്‍ വെട്ടിമാറ്റാതെ വില്‍പ്പന പാടില്ലെന്നാണ് കോടതി ഉത്തരവ്. ഈ പുസ്തകത്തിന്റെ വില്‍പ്പന നിരോധിച്ച മുന്‍ ഉത്തരവ് വിചാരണ കോടതി റദ്ദാക്കിയതിനെതിരെ ബാബ രാംദേവ് ഹൈക്കോതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് പുതിയ വിധി. ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണവും വില്‍പ്പനയും 2017 ഓഗസ്റ്റ് നാലിന് തടഞ്ഞ വിധി ഈ വര്‍ഷം ഏപ്രിലില്‍ വിചാരണ കോടതി റദ്ദാക്കിയിരുന്നു.
അഭിപ്രായ സ്വാതന്ത്ര്യം ബാബ രാംദേവിനെതിരെ അപകീര്‍ത്തിപരമായ അരോപണങ്ങള്‍ ഉന്നയിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പുസ്തക വില്‍പ്പന വീണ്ടും വിലക്കിക്കൊണ്ടുള്ള ഉത്തരവില്‍ ജസ്റ്റിസ് അനു മല്‍ഹോത്ര പറഞ്ഞു. രാംദേവിന്റെ പതഞ്ജലി എന്ന കമ്പനിയുടെ പ്രവര്‍ത്തനത്തെ ആഴത്തില്‍ പരിശോധിക്കുകായണ് പുസ്തകമെന്ന് പ്രസാധകര്‍ കോടതിയില്‍ പറഞ്ഞു. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ രാംദേവിനെ വില്ലനാക്കുന്നുണ്ട്. ഏതെങ്കിലും കോടതി തെളിയിക്കുന്നതുവരെ ഈ ആരോപണങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ല. കര്‍കര്‍ഡുമ കോടതിയുടെ പരിഗണനയിലുള്ള കേസ് തീര്‍പ്പാക്കുന്നതു വരെ പുസ്തകം പ്രസിദ്ധീകരിക്കാനും വില്‍ക്കാനും പാടില്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
സ്വാമി ശങ്കര്‍ ദേവിന്റെ അപ്രത്യക്ഷമാകലും സ്വാമി യോഗാനന്ദയുടെ കൊലപാതകവുമായും ബന്ധപ്പെട്ട പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. ഈ രണ്ട് സംഭവങ്ങളിലും രാംദേവിനു പങ്കുള്ളതായി ഒരു തെളിവുമില്ലെന്നും കോടതി പറഞ്ഞു. ഈ രണ്ടു കേസുകളിലും നേരത്തെ കോടതിയില്‍ അന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണെന്നും കോടതി നിരീക്ഷിച്ചു.