Sorry, you need to enable JavaScript to visit this website.

കണക്കു തീർത്ത് ബ്ലാസ്റ്റേഴ്‌സ്

എ.ടി.കെയെ തകർത്തു്  തുടക്കം

ബ്ലാസ്റ്റേഴ്‌സ് 2, എ.ടി.കെ 0

കൊൽക്കത്ത- ഇതിനേക്കാൾ മധുരമായൊരു തുടക്കം ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് കിട്ടാനില്ല. ബദ്ധവൈരികളായ, രണ്ടു തവണ തങ്ങളുടെ ചാമ്പ്യൻ മോഹങ്ങളെ കലാശപ്പോരാട്ടത്തിൽ അട്ടിമറിച്ച എ.ടി.കെയെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ചുകൊണ്ട്. അതും മടക്കമില്ലാത്ത രണ്ട് ഗോളിന്. 
77-ാം മിനിറ്റിൽ സ്ലോവേനിയൻ താരം മാറ്റേജ് പോപ്ലാനിക്കും, 86-ാം മിനിറ്റിൽ സെർബിയൻ താരം സ്ലാവിസ സ്റ്റോയനോവിച്ചുമാണ് സ്‌കോറർമാർ. ബ്ലാസ്റ്റേഴ്‌സ് സംഘത്തിൽ പുതുതായെത്തിയ കളിക്കാർ കളം നിറഞ്ഞ മത്സരത്തിൽ തികച്ചും അർഹിക്കുന്നതായിരുന്നു മഞ്ഞപ്പടയുടെ വിജയം. ജയത്തോടെ ബ്ലാസ്റ്റേഴ്‌സിന് മൂന്ന് പോയന്റും ലഭിച്ചു.
അനായാസ ഹെഡറിലൂടെയായിരുന്നു പോപ്ലാട്‌നിക് അഞ്ചാം സീസണിലെ ആദ്യ ഗോളിനുടമയാവുന്നത്. ഗോളിന് വഴിയൊരുക്കിയതാവട്ടെ സ്റ്റോയനോവിച്ചും. വിംഗിലൂടെ മുന്നേറിയ സ്റ്റോയനോവിച്ച് പായിച്ച ഷോട്ട് എ.ടി.കെ താരം ജേഴ്‌സന്റെ കാലിൽ തട്ടി ഉയർന്നു പൊങ്ങി. ബോക്‌സിലൂടെ ഓടിക്കയറിയ പോപ്ലാട്‌നിക്കിന് ഹെഡറിന് പാകത്തിലായിരുന്നു പന്തിന്റെ വരവ്. ഗോളി അരിന്ദം ഭട്ടാചാര്യയെ കീഴടക്കാൻ സ്ലോവേനിയൻ താരത്തിന് വലിയ പ്രയാസമുണ്ടായില്ല.
മറ്റൊരു തന്ത്രപൂർമായ നീക്കത്തിലൂടെയാണ് സ്റ്റോയനോവിച് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഗോൾ നേടുന്നത്. മൈതാന മധ്യത്തു നിന്ന് ഹാളിചരൺ നർസരി നൽകിയ ലോംഗ് പാസുമായി ബോക്‌സിലേക്ക് മുന്നേറിയ സ്റ്റോയനോവിച്ച്, തന്നെ തടയാനെത്തിയ എ.ടി.കെ ഡിഫൻഡർമാരെ സമർഥമായി വെട്ടിച്ച് പന്ത് വലയിലാക്കുകയായിരുന്നു.
രണ്ട് തവണ ഐ.എസ്.എൽ ചാമ്പ്യന്മാരായിട്ടുള്ള എ.ടി.കെയെ സംബന്ധിച്ചിടത്തോളം ആദ്യമായാണ് സീസണിലെ ആദ്യ മത്സരത്തിൽ തോൽവി ഏറ്റുവങ്ങുന്നത്. നാല് വിദേശ താരങ്ങളും ഏഴ് ഇന്ത്യൻ താരങ്ങളുമായി സ്റ്റാർട്ടിംഗ് ലൈനപ് ഒരുക്കിയ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഡേവിഡ് ജയിംസ് തന്റെ തന്ത്രങ്ങൾ കളത്തിൽ വിജയകരമായി നടപ്പാക്കിയപ്പോൾ, എ.ടി.കെ കോച്ച് സ്റ്റീവ് കോപ്പലിന് അതിനു കഴിഞ്ഞില്ല. 
എസ്.എ സമദ് മാത്രമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർട്ടിംഗ് ഇലവനിൽ ഇടം കിട്ടിയ ഏക മലയാളി. രണ്ടാം പകുതിയിൽ പകരക്കാരനായി സി.കെ. വിനീതും ഇറങ്ങി. പോപ്ലാട്‌നിക്, ദുംഗൽ എന്നിവരെയും തിരിച്ചുവിളിച്ച ഡേവിഡ് ജെയിംസ് പകരം കറേജ് പെർകൂസനെയും, കിസിറ്റോ കെസിറോണിനെയും ഇറക്കി.
ആദ്യ 20 മിനിറ്റിൽ താളം കണ്ടെത്താൻ പ്രയാസപ്പെട്ട ബ്ലാസ്റ്റേഴ്‌സ് ഒത്തിണക്കം കിട്ടയതോടെ കളിയുടെ പൂർണ നിയന്ത്രണം കയ്യിലെടുത്തു. കൂടുതൽ സമയം പന്ത് നിയന്ത്രിച്ചതും (58 ശതമാനം) മഞ്ഞപ്പട തന്നെ.
ആദ്യ പകുതിയിൽ ഇരു ടീമുകളും ഏതാനും മികച്ച അവസരങ്ങൾ പാഴാക്കുന്നതും സാൾട്ട്‌ലേക്ക് സ്റ്റേഡിയം കണ്ടു. തുടക്കത്തിൽ ബോക്‌സിൽ പന്ത് കിട്ടിയിട്ടും, ഗോൾ നേടാൻ പോപ്ലാറ്റ്‌നിക്കിന് കഴിഞ്ഞില്ല. 26-ാം മിനിറ്റിൽ എ.ടി.കെയും എവർട്ടൻ സാന്റോസ് പായിച്ച തകർപ്പൻ ഷോട്ട് പോസ്റ്റിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് പുറത്തുപോയത്. 36-ാം മിനിറ്റിലും എ.ടി.കെക്ക് അവസരം ലഭിച്ചു. എന്നാൽ പ്രണോയ് ഹൽദറിന്റെ മുന്നേറ്റം തടഞ്ഞ് ബ്ലാസ്റ്റേഴ്‌സ് ഡിഫൻഡർ ധീരജ് സിംഗ് അപകടമൊഴിവാക്കി. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ ബ്ലാസ്റ്റേഴ്‌സ് താരം ജയേഷ് റാണയും നല്ലൊരു അവസരം പാഴാക്കി. 
ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം വെള്ളിയാഴ്ച മുംബൈക്കെതിരെയാണ്.


 

Latest News