*ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ അംഗീകരിക്കില്ല - ആദിൽ അൽജുബൈർ
ജനീവ - സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റു രാജ്യങ്ങൾ ഇടപെടുന്നതിനെ ഒരിക്കലും അംഗീകരിക്കില്ലെന്ന് സൗദി വിദേശമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. മറ്റു രാജ്യങ്ങൾ സൗദിക്ക് മേൽ കൽപനകൾ അടിച്ചേൽപിക്കുന്നതും അംഗീകരിക്കില്ലെന്ന് എഴുപത്തിമൂന്നാമത് യു.എൻ ജനറൽ അസംബ്ലി യോഗത്തിൽ വിദേശ മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തെ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ല. ഖത്തറിനെ ബഹിഷ്ക്കരിക്കുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. ഖത്തർ ബഹിഷ്കരണം ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാണ്.
ഇറാൻ പ്രശ്നത്തിൽ അമേരിക്ക പ്രഖ്യാപിച്ച പുതിയ തന്ത്രത്തെ സൗദി അറേബ്യ പിന്തുണക്കുന്നു. മധ്യപൗരസ്ത്യദേശത്ത് ശാന്തിയും സമാധാനവും സുരക്ഷാ ഭദ്രതയുമുണ്ടാകുന്നതിന് ഇറാന്റെ വിപുലീകരണ, നശീകരണ നയങ്ങൾ ചെറുക്കേണ്ടത് ആവശ്യമാണ്. ഇറാന്റെ ശത്രുതാപരമായ പെരുമാറ്റം മുഴുവൻ അന്താരാഷ്ട്ര ചാർട്ടറുകൾക്കും ധാരണകൾക്കും രക്ഷാസമിതി തീരുമാനങ്ങൾക്കും വിരുദ്ധമാണ്. സായുധ മിലീഷ്യകൾ രൂപീകരിച്ച് ഇറാൻ അവർക്ക് ബാലിസ്റ്റിക് മിസൈലുകൾ നൽകുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാൻ വധിക്കുകയും നയതന്ത്ര കാര്യാലയങ്ങൾക്കു നേരെ ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നു. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ ഇടപെടുന്നു. മേഖലാ രാജ്യങ്ങളിൽ വിഭാഗീയ സംഘർഷങ്ങൾ കുത്തിപ്പൊക്കുന്നതിനും ഇറാൻ ശ്രമിക്കുന്നു.
സിറിയൻ ഭരണകൂടവുമായി ചർച്ച നടത്താൻ ലക്ഷ്യമിട്ട് സിറിയൻ പ്രതിപക്ഷ നിരയിൽ ഐക്യമുണ്ടാക്കാൻ സൗദി അറേബ്യ പ്രവർത്തിച്ചിട്ടുണ്ട്. യെമൻ ജനതയുടെ ദുരിതം ലഘൂകരിക്കുന്നതിന് സൗദി അറേബ്യ സഹായങ്ങൾ നൽകിവരുന്നു. നാലു വർഷത്തിനിടെ യെമന് 1,300 കോടിയിലേറെ ഡോളറിന്റെ സഹായം സൗദി അറേബ്യ നൽകിയിട്ടുണ്ട്. ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകൾ സൗദി അറേബ്യക്കു നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടരുകയാണ്. ഇതിനകം 199 ബാലിസ്റ്റിക് മിസൈലുകൾ ഹൂത്തികൾ സൗദി അറേബ്യക്കു നേരെ തൊടുത്തുവിട്ടു. ബാബൽമന്ദബ് കടലിടുക്കിലും ചെങ്കടലിലും കപ്പൽ ഗതാഗതം തടസ്സപ്പെടുത്താൻ ഹൂത്തികൾ ശ്രമിക്കുന്നു. ഗൾഫ് സമാധാന പദ്ധതിക്കും യു.എൻ രക്ഷാസമിതി തീരുമാനത്തിനും യെമൻ ദേശീയ സംവാദത്തിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങൾക്കും അനുസൃതമായി യെമൻ സംഘർഷത്തിന് രാഷ്ട്രീയ പരിഹാരം കാണുന്നതിന് സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്.
2013 ലും 2014 ലും ഒപ്പുവെച്ച കരാറുകൾ ഖത്തർ പാലിച്ചില്ല. ഖത്തർ പാസ്പോർട്ടുള്ള ഭീകരരെ സൗദി സുരക്ഷാ വകുപ്പുകൾ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സൗദി വിദേശ മന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. ഭരണകൂടങ്ങൾക്ക് തലവേദന സൃഷ്ടിക്കുന്നതിനും അസ്ഥിരതയുണ്ടാക്കുന്നതിനും സൗദി അറേബ്യയിലെയും യു.എ.ഇയിലെയും ബഹ്റൈനിലെയും കുവൈത്തിലെയും രാഷ്ട്രീയ വിമതർക്ക് ഖത്തർ പിന്തുണ നൽകി. തൊണ്ണൂറുകളുടെ മധ്യം മുതൽ ഖത്തർ യാഥാസ്ഥിതികവാദികൾക്ക് പിന്തുണ നൽകിവരികയാണ്. ഭരണകൂടങ്ങൾക്കെതിരെ ജനങ്ങളെ ഖത്തർ ഇളക്കിവിടുന്നു. മുസ്ലിം ബ്രദർഹുഡ് നേതാക്കളുടെ കേന്ദ്രമായി ഖത്തർ മാറി. അൽഖാഇദ, അൽനുസ്റ ഫ്രണ്ട്, അൽഹിജ്റ പോലുള്ള ഭീകര ഗ്രൂപ്പുകൾക്ക് ജന്മം നൽകിയത് മുസ്ലിം ബ്രദർഹുഡാണ്. ചാവേർ സ്ഫോടനങ്ങളെ ടി.വി ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് ന്യായീകരിക്കാൻ മതനേതാക്കളെ ഖത്തർ അനുവദിച്ചു. ഇത് അംഗീകരിക്കാൻ കഴിയില്ല. ഭീകര ഗ്രൂപ്പുകൾക്ക് ഖത്തർ അഭയം നൽകുന്നു. അൽഖാഇദ നേതാവ് അൽനാശിരി രണ്ടായിരാമാണ്ടിൽ ഖത്തർ പാസ്പോർട്ടിലാണ് സൗദി അറേബ്യയിൽ പ്രവേശിച്ചത്. ഖത്തർ പാസ്പോർട്ടിൽ സൗദിയിൽ എത്തിയ ഏതാനും അൽഖാഇദക്കാരെ സൗദി സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കാര്യം ഖത്തരികൾക്കും അമേരിക്കക്കാർക്കും മറ്റു ലോക രാജ്യങ്ങൾക്കും അറിയാവുന്നതാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു.