തിരുവനന്തപുരം- മന്ത്രി എം.എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ കൂടുതൽ നേതാക്കൾ രംഗത്ത്. കയ്യേറ്റക്കാരെ ന്യായീകരിക്കലും സ്ത്രീ വിരുദ്ധമായി സംസാരിക്കുന്നതും കമ്യൂണിസ്റ്റുകാരുടെ നിലപാടല്ലെന്ന് വി.എസ് വ്യക്തമാക്കി. അവകാശത്തിനായി പോരാടിയവരെയാണ് മണി അവഹേളിച്ചത്. അത്തരം നിലപാട് സ്വീകരിക്കുന്നവരെ ഒരുനിലക്കും ന്യായീകരിക്കാനാകില്ല. സബ് കളക്ടർക്കെതിരായ മണിയുടെ നിലപാടിനോടും യോജിപ്പില്ലെന്നും ഈ പ്രസ്താവനയോട് ശക്തമായി വിയോജിക്കുന്നതായും മണി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മ, എ.കെ ബാലൻ എന്നിവരും പി.കെ ശ്രീമതി എം.പി, മുൻ എം.പി ടി.എൻ സീമ എന്നിവരും മണിക്കെതിരെ രംഗത്തെത്തിയിരുന്നു.
മണിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വി.എം സുധീരൻ, എം.എം ഹസൻ തുടങ്ങിയ കോൺഗ്രസ് നേതാക്കളും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മണിക്കെതിരെ രംഗത്തെത്തി. പ്രസ്താവനയിൽ പ്രതിഷേധിച്ച് നാളെ ഇടുക്കയിൽ ഹർത്താൽ ആചരിക്കാനാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ തീരുമാനം.