ഫുട്‌ബോളിലും വോളിബോളിലും ക്രിക്കറ്റിലുമെല്ലാം സാന്നിധ്യമറിയിച്ചവരാണ് മലബാറിലെ വനിതകൾ. അവർക്കിടയിലേക്കാണ് കാറോട്ട മത്സരത്തിൽ കമ്പം മൂത്ത് ഒരു കോഴിക്കോട്ടുകാരി ഹെന്ന എത്തുന്നത്. കോഴിക്കോട് കോർപറേഷൻ മുൻ കൗൺസിലറായ ഹൻസ ജയന്തിന്റെയും സാമൂഹ്യ പ്രവർത്തകനും ബിസിനസുകാരനുമായ ജയന്ത് കുമാറിന്റെയും മകളാണ് ഈ ഇരുപത്താറുകാരി.
കോഴിക്കോട്ട് ട്രാവൽ ഏജൻസി നടത്തുന്ന ഹെന്ന ജയന്ത് നഗരത്തിൽ വാഹനമോടിച്ചുള്ള പരിചയത്തിലാണ് ഈ ഉദ്യമത്തിന് മുതിർന്നത്. കോയമ്പത്തൂരിലെ കാരി മോട്ടോഴ്‌സ് സ്പീഡ് വേയ്‌സിൽ നിന്നും കഠിന പരിശ്രമത്തിലൂടെ തുടക്കക്കാർക്കുള്ള ജെ.കെ. ടയേഴ്‌സ് നോവിസ് കപ്പിൽ പങ്കെടുക്കുകയും ആദ്യ റൗണ്ട് പൂർത്തിയാക്കുകയും ചെയ്തു. തുടക്കക്കാർക്കായി രണ്ട് റൗണ്ടുകളിലായി ആറു മത്സരങ്ങളാണ് ഒരുക്കിയിരുന്നത്.
ദേശീയ ക്രിക്കറ്റ് ടൂർണമെന്റുകളിൽ സംസ്ഥാനത്തെ പലതവണ പ്രതിനിധീകരിച്ച ഹെന്ന ജില്ലാ വനിതാ ക്രിക്കറ്റ് ടീം സെലക്ടർ കൂടിയാണ്. മോഡലിംഗ് രംഗത്തും തിളങ്ങി. ഒട്ടേറെ പരസ്യ ചിത്രങ്ങൾക്കു മോഡലായിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ കണ്ട പരസ്യമാണ് ഹെന്നയെ കാറോട്ട മത്സരത്തിലേയ്ക്ക് ആകർഷിച്ചത്. ഇരുപത് പുരുഷന്മാരും രണ്ട് വനിതകളും മാറ്റുരച്ച ദേശീയതല കാർ റേസിംഗ് മത്സരത്തിന്റെ യോഗ്യതാ റൗണ്ടിൽ ഇരുപത്തൊന്നാമതായി. ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ പത്താം സ്ഥാനത്തേയ്ക്ക് ഉയർന്നു. രണ്ടാം റൗണ്ടിലേയ്ക്ക് പ്രവേശനം ലഭിച്ചെങ്കിലും കാറിന്റെ ഗിയർബോക്‌സ് ഇളകി ഗിയർ ഊരിപ്പോയതു കാരണം പിന്മാറേണ്ടിവന്നു.
''കാർ റേസിങ്ങിനെക്കുറിച്ച് യാതൊരു മുൻപരിചയവുമില്ലാതെയായിരുന്നു ഈ എടുത്തുചാട്ടം. എങ്കിലും ആത്മവിശ്വാസം കൂട്ടിനുണ്ടായിരുന്നു. രണ്ടു ദിവസത്തെ തീവ്ര പരിശീലനത്തിനായി കോയമ്പത്തൂരിലെത്തുകയായിരുന്നു. ഫോർമുല എൽ.ജി.ബി 1300 കാറിൽ ഇരുപതോളം പുരുഷന്മാരോടും ഒരു സ്ത്രീയോടുമാണ് ആദ്യ റൗണ്ടിൽ മത്സരിക്കേണ്ടി വന്നത്.
തികഞ്ഞ വെല്ലുവിളിയായിരുന്നു. മത്സരാർഥികളിൽ പലരും മികച്ച പരിശീലനം നേടിയവരായിരുന്നു. ഞാനാകട്ടെ തുടക്കക്കാരിയും. എങ്കിലും തോറ്റു കൊടുക്കാൻ മനസ്സ് ഒരുക്കമായിരുന്നില്ല'.
കാർ റേസിങ്ങിൽ ചുവടുറപ്പിക്കാൻ തന്നെയാണ് ഹെന്നയുടെ തീരുമാനം. അതിനായി എഫ്.എം.എസ്.സി.ഐയുടെ ലൈസൻസും സ്വന്തമാക്കി. ചെന്നൈ കേന്ദ്രമായ ഡി.ടി.എസ് ടീമിലും അംഗമായി. കാർ റേസിങ്ങിൽ അറിയപ്പെടുന്ന താരമാകണം എന്നാണ് ഇപ്പോഴത്തെ മോഹം.
സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കറി സ്‌കൂളിൽ നിന്നു പ്ലസ് ടു പാസായ ഹെന്ന ബാംഗ്ലൂരിൽ നിന്നു ബിസിനസ് മാനേജ്‌മെന്റിൽ ബിരുദവും നേടി. കൂടാതെ ലണ്ടനിലെ മാഞ്ചസ്റ്ററിൽ നിന്നു ഒരു വർഷത്തെ ബിസിനസ് പഠനവും പൂർത്തിയാക്കിയിട്ടുണ്ട്. ശിവ സഹോദരനാണ്.