Sorry, you need to enable JavaScript to visit this website.

യുഎന്നില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ; കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്ന രാജ്യവുമായി ചര്‍ച്ചയ്ക്കില്ലെന്ന് സുഷമ

യുഎന്‍- ഐക്യരാഷ്ട്ര സഭയുടെ 73ാം ജനറല്‍ അസംബ്ലി സമ്മേളനത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷപ്രതികരണവുമായി ഇന്ത്യ. സമാധാന ചര്‍ച്ചാനടപടികള്‍ ഇന്ത്യ തകിടം മറിക്കുകയാണെന്ന പാക് ആരോപണത്തിന് ശക്തമായ ഭാഷയിലാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് യുഎന്‍ പ്രംസഗത്തില്‍ മറുപടി നല്‍കിയത്. ഭീകരര്‍ രക്തം ചിന്തല്‍ തുടരുമ്പോഴും കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്ന ഒരു രാജ്യവുമായി സമാധാന ചര്‍ച്ച തുടരാനാവില്ലെന്ന് സുഷമ ആഞ്ഞടിച്ചു. പല തവണ ഇന്ത്യ സമാധാന
ശ്രമങ്ങളുമായി മുന്നോട്ടു വന്നപ്പോഴെല്ലാം പാക്കിസ്ഥാന്റെ മോശം പെരുമാറ്റം കൊണ്ടാണ് ചര്‍ച്ച വഴിമുട്ടിയതെന്നും സുഷമ പറഞ്ഞു.  ചര്‍ച്ചകളെ ഇന്ത്യ തകിടംമറിക്കുകയാണെന്ന ആരോപണം തീര്‍ത്തും കളവാണ്. വളരെ സങ്കീര്‍ണമായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യുക്തിസഹമായ ഒരേ ഒരു മാര്‍ഗം ചര്‍ച്ചകളാണെന്നാണ് ഞങ്ങളുടെ വിശ്വാസം. പാക്കിസ്ഥാനുമായി പലതവണ സമാധാന ചര്‍ച്ച തുടങ്ങിയതാണ്. അവര്‍ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് അവരുടെ പെരുമാറ്റം കൊണ്ടു മാത്രമാണ്-സുഷമ പറഞ്ഞു.

ഈ യുഎന്‍ സമ്മേളനത്തിനിടെ സുഷമയും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേശിയും തമ്മില്‍ കൂടിക്കാഴ്ച നടക്കേണ്ടതായിരുന്നു. എന്നാല്‍ ജമ്മുകശ്മീരില്‍ മൂന്ന് പോലീസുകാരെ ഭീകരര്‍ കൊലപ്പെടുത്തിയ സംഭവവും ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡല്‍ ബുര്‍ഹാന്‍ വാനിയെ മഹത്വവല്‍ക്കരിച്ച് പാക്കിസ്ഥാന്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇറക്കിയതും ചൂണ്ടിക്കാട്ടി ഇന്ത്യ ഈ കുടിക്കാഴ്ചയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഉഭയകക്ഷി സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി 2016 ഡിസംബറില്‍ താന്‍ നേരിട്ട് ഇസ്ലാമാബാദിലേക്ക് പോയിരുന്നു. എന്നാല്‍ തൊട്ടടുത്ത മാസം തന്നെ പാക്കിസ്ഥാന്‍ പത്താന്‍കോട്ടില്‍ വ്യോമ സേനാ താവളത്തില്‍ ഭീകരാക്രമണം നടത്തി. ഭീകരര്‍ ഇങ്ങനെ രക്തംചിന്തിക്കൊണ്ടിരിക്കുമ്പോള്‍ എങ്ങനെ ചര്‍ച്ചകള്‍ തുടരാനാകും? സുഷമ ചോദിച്ചു. 

ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കുക മാത്രമല്ലെ പാക്കിസ്ഥാന്‍ ചെയ്യുന്നത്. ഇക്കാര്യം ഇരട്ടത്താപ്പു നയത്തിലൂടെ മറച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഉസാമ ബിന്‍ ലാദന് രഹസ്യതാവളമൊരുക്കിക്കൊടുത്തത് ഇതിന് നല്ലൊരു ഉദാഹരണമാണെന്നും സുഷമ പറഞ്ഞു.

Latest News