Sorry, you need to enable JavaScript to visit this website.

ബുള്ളറ്റ് ഷോട്ട്...  കളിയിലും ജീവിതത്തിലും

  • ബ്രസീലിന്റെ പുതിയ ഹീറോ റിച്ചാർലിസന്റെ സംഭവബഹുലമായ ജീവിതത്തിലൂടെ....

പ്രൊഫഷണൽ ഫുട്‌ബോൾ ജീവന്മരണ പോരാട്ടമാണ്. അതിനേക്കാൾ വലിയ ജീവന്മരണ പോരാട്ടം നേരിട്ടിട്ടുണ്ട് റിച്ചാർലിസൻ

'പല തവണ മരണത്തെ മുഖാമുഖം കണ്ടിട്ടുണ്ട്. തെറ്റായ  സ്ഥലത്ത്, തെറ്റായ സമയത്ത് പല തവണ എത്തിയ സന്ദർഭങ്ങളുണ്ടായി. ഒരു തവണ ഒരു മയക്കുമരുന്ന് ഇടപാടുകാരൻ എന്റെ തലയിൽ തോക്കു വെച്ചതാണ്. തന്റെ വിതരണ സ്ഥലം കവർന്നെടുക്കുന്ന മയക്കുമരുന്ന് ഇടപാടുകാരനാണ് ഞാനെന്ന് അയാൾ തെറ്റിദ്ധരിച്ചു. കാഞ്ചി വലിച്ചിരുന്നെങ്കിൽ അവിടെ തീർന്നേനേ, ഭാഗ്യത്തിന് രക്ഷപ്പെട്ടു...'

നോവ വെനീസിയയിലെ കുട്ടിക്കാലം...

കഴിഞ്ഞ സീസണിൽ ഇംഗ്ലണ്ടിലെ വാറ്റ്ഫഡിലായിരുന്നു റിച്ചാർലിസൻ. ബ്രസീലിലെ ഫഌമിനൻസിൽ നിന്നാണ് സ്‌ട്രൈക്കറെ വാറ്റ്ഫഡ് റാഞ്ചിയത്. റിച്ചാർലിസൻ ഫോമിലായിരുന്നുവെങ്കിലും ക്ലബ് തോറ്റു കൊണ്ടിരുന്നു. പ്രതിസന്ധിയിലും അവർക്കൊപ്പം നിന്നതാണ് ഈ സീസണിൽ എവർടനിലേക്ക് വലിയ തുകയിൽ ചേക്കേറാൻ സഹായിച്ചത്. 
ചെറുപ്പം മുതൽ ദാരിദ്ര്യവും ദുരിതവും തകർന്ന കുടുംബാന്തരീക്ഷവുമൊക്കെ നേരിടേണ്ടി വന്നിരുന്നു റിച്ചാർലിസന്. ഒന്നു മാത്രമേ എപ്പോഴും കൂടെയുണ്ടായിരുന്നുള്ളൂ... ഫുട്‌ബോളർ ആവണമെന്ന അടങ്ങാത്ത ആഗ്രഹം. 
തെക്കുകിഴക്കൻ ബ്രസീലിലെ നോവ വെനീസിയയിലെ കുഴപ്പങ്ങൾക്ക് പേരെടുത്ത വില റൂബിയയിലായിരുന്നു കുട്ടിക്കാലം. പ്രിയപ്പെട്ട നാട്. ഇപ്പോഴും ഒഴിവു കാലമാസ്വദിക്കാൻ അവിടെ പോവും. പട്ടം പറത്തും. ദാരിദ്ര്യത്തിൽ കൂട്ട് ഫുട്‌ബോളും പട്ടങ്ങളുമായിരുന്നു. 'ഒരിക്കൽ അയൽവാസി അയാളുടെ മുറ്റം അടിച്ചു വൃത്തിയാക്കി പുല്ലെല്ലാം പുറത്തേക്കു തട്ടി. അത് അനിയനുമൊത്ത് എടുത്തു കൊണ്ടുവന്ന് വീടിനടുത്ത് ഗ്രൗണ്ടുണ്ടാക്കി. മയക്കുമരുന്ന് ലോബിയുടെ കൈയിലായിരുന്നു തെരുവുകൾ. യഥേഷ്ടം മയക്കുമരുന്ന് ലഭിച്ചിരുന്നു. ഭാഗ്യത്തിന് ആ വഴിയിലേക്ക് പോയില്ല. പോലീസ് ഓഫീസർമാർ നടത്തുന്ന ഫുട്‌ബോൾ അക്കാദമിയിലാണ് ഞാനും അനുജനും കളിയഭ്യസിച്ചത്. അവർ നല്ല ഉപദേശം തന്നിരുന്നു. പക്ഷേ ഒരുപാട് സുഹൃത്തുക്കൾ വഴി തെറ്റി, പലരും ജയിലിലായി. അവരുമായി ഇപ്പോഴും ബന്ധമുണ്ട്. ആ വഴിയിലേക്ക് പോകാതിരുന്നതിന് ദൈവത്തിനു നന്ദി'.  

അച്ഛനോ അമ്മയോ? ഒരു തീരുമാനമെടുക്കേണ്ടിയിരുന്നു...

വളരെ കുട്ടിക്കാലത്ത് തന്നെ വലിയ തീരുമാനങ്ങൾ എടുക്കേണ്ടി വന്നു റിച്ചാർലിസന്. 'അച്ഛനും അമ്മയും വേർപിരിയാൻ തീരുമാനിച്ചു. നോവ വെനീസിയയിൽ നിന്ന് അമ്മ സ്ഥലം വിടാനൊരുങ്ങി. ട്രക്കിന്റെ മുകളിലായിരുന്നു ഞാൻ. ട്രക്ക് നീങ്ങിത്തുടങ്ങിയപ്പോൾ പൊടുന്നനെ ഞാൻ പുറത്തേക്കു ചാടി. അച്ഛന്റെ അടുക്കലേക്ക് ഓടി. അമ്മയുടെ കൂടെ ആയാൽ കളിക്കാനാവില്ലായിരുന്നു, കളി കാണാൻ പറ്റില്ലായിരുന്നു. അതിനാൽ അച്ഛന്റെ കൂടെ നിന്നു, 10 വയസ്സ് വരെ...'

കാർ കഴുകൽ, മിഠായി വിൽപന...

അച്ഛൻ ജോലി മാറിയപ്പോൾ അമ്മയുടെ അടുത്തേക്ക് പോകേണ്ടി വന്നു. ക്ലീനിംഗ് ജോലി കൊണ്ട് നാലു മക്കളെ പോറ്റുക പ്രയാസമായിരുന്നു. അതോടെ റിച്ചാർലിസൻ ജോലിക്ക് പോയിത്തുടങ്ങി. കാർ കഴുകി, മിഠായി വിറ്റു, ചോക്‌ളേറ്റ് ഉണ്ടാക്കി, മുത്തച്ഛന്റെ കൂടെ ജോലിക്ക് പോകുന്നത് മാത്രം ഇഷ്ടമായിരുന്നില്ല. ഫുട്‌ബോളിനെ കൈവിടാനാവുമായിരുന്നില്ല. എല്ലാ തിങ്കളാഴ്ചയും ഒമ്പത് കിലോമീറ്റർ ഓടിയാണ് അക്കാദമിയിലെത്തിയിരുന്നത്. മഴയായാലും വെയിലായാലും മറ്റൊന്നും ഞാൻ ചിന്തിച്ചില്ല.

വിജയത്തിലേക്കൊരു വൺവേ ടിക്കറ്റ്...

ഒടുവിൽ ആ പ്രതിഭ ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്തു. അവായ്, ഫിഗറൻസ് എന്നീ ക്ലബുകൾ ട്രയൽസിന് വിളിച്ചു. സ്വപ്‌നം തളിരണിഞ്ഞുവെന്നു തോന്നി. പക്ഷേ എല്ലാം തകിടം മറിഞ്ഞു. ഒഴിവാക്കിയ കാര്യം എന്റെ ജന്മദിനത്തിലാണ് ഫിഗറൻസ് എന്നെ അറിയിച്ചത്. ഫുട്‌ബോൾ എനിക്ക് വഴി കാട്ടില്ലെന്ന് തോന്നി ദുഃഖത്തോടെ മടങ്ങി. കോച്ചും വീട്ടുകാരുമാണ് ധൈര്യം തന്നത്. കണ്ണീർ തുടച്ച് വീണ്ടും ബൂട്ടണിഞ്ഞു. അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ റയൽ നൊരോസ്‌റ്റെ ക്ലബിന് കളിച്ചു. അവിടെ വെച്ച് അമേരിക്ക എം.ജിയുടെ ശ്രദ്ധയിൽപെട്ടു. 350 മൈൽ അകലെയുള്ള ബെലൊ ഹൊറിസോഞ്ചിലെ യൂത്ത് അക്കാദമിയിലേക്ക് ക്ഷണിക്കപ്പെട്ടു. വിജയിച്ചേ തീരുമായിരുന്നുള്ളൂ. അങ്ങോട്ടുമിങ്ങോട്ടുമുള്ള ടിക്കറ്റിന്റെ പൈസ മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. വിശന്നപ്പോൾ ഭക്ഷണം വാങ്ങി. തിരിച്ചുപോകാൻ പണമില്ല. 
2014 ഡിസംബറിൽ അമേരിക്ക എം.ജി റിച്ചാർലിസനെ ടീമിലെടുത്തു. നാലു കളികളാവുമ്പോഴേക്കും സ്‌ട്രൈക്കർ ചരിത്രം സൃഷ്ടിച്ചു. അണ്ടർ-17 ടൂർണമെന്റിലെ മികച്ച കളിക്കാരനായി. അത്‌ലറ്റിക്കൊ മിനേരോയെ തോൽപിച്ച് അമേരിക്ക എം.ജി അണ്ടർ-17 ചാമ്പ്യന്മാരായി. 17 വർഷത്തിനു ശേഷമായിരുന്നു ആ നേട്ടം. 
അങ്ങനെ ക്ലബിന്റെ സീനിയർ ടീമിലെത്തി. തിരിച്ചടികൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റു. കാലിലെ പൊട്ടിയ എല്ല് ശരിയാക്കാൻ സ്‌ക്രൂ തിരുകേണ്ടി വന്നു. മാസങ്ങളോളം വിട്ടുനിൽക്കേണ്ടി വന്നു. ദുഃഖം തളംകെട്ടി നിന്ന വർഷമായിരുന്നു അത്. ആ കാലം എന്നെ ഒരുപാട് പഠിപ്പിച്ചു. കൂടുതൽ കരുത്തനായി തിരിച്ചുവന്നു. 

കോടികളുടെ കരാറുകൾ, വമ്പൻ ക്ലബുകൾ...

അടുത്ത സീസണിൽ റിച്ചാർലിസൻ ഒമ്പതു ഗോളടിച്ചു. അമേരിക്ക എം.ജി ബ്രസീലിന്റെ ഒന്നാം ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നേടി. പല തവണ ട്രാക്ക് തെറ്റേണ്ടിയിരുന്ന കരിയർ പിന്നീട് ശരവേഗത്തിൽ കുതിച്ചു. ലോകത്തെ പ്രമുഖ സ്‌പോർട്‌സ് വെയർ കമ്പനികളും മുൻനിര ക്ലബുകളും റിച്ചാർലിസനെ വട്ടമിട്ടു. നൈക്കിയുമായി കോടികളുടെ കരാറിലെത്തി. ക്രുസേരിയൊ, പാൽമീരാസ്, കൊറിന്തിയൻസ് തുടങ്ങിയ ക്ലബുകൾ വാഗ്ദാനങ്ങളുമായി പിറകെ കൂടി. പതിനെട്ടുകാരൻ തെരഞ്ഞെടുത്തത് ഫഌമിനൻസിനെയാണ്. വൈകാതെ ബ്രസീൽ ടീമിൽ നിന്ന് വിളി വന്നു. ഇക്വഡോറിൽ നടന്ന ലാറ്റിനമേരിക്കൻ അണ്ടർ-20 ചാമ്പ്യൻഷിപ്പിൽ ബ്രസീൽ നിരാശപ്പെടുത്തി. പക്ഷേ റിച്ചാർലിസനെ അവഗണിക്കാനാവുമായിരുന്നില്ല. ഡച്ച് ക്ലബ് അയാക്‌സ് ആംസ്റ്റർഡാം പയ്യനെ നോട്ടമിട്ടു. ചർച്ചകൾ  അവസാന ഘട്ടത്തിലെത്തി. കരാറൊപ്പിടാൻ ആംസ്റ്റർഡാമിലേക്ക് വിമാനം കയറുമ്പോഴാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് ഫോൺ കോൾ വന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുക ബാല്യകാല സ്വപ്‌നമായിരുന്നു. പദ്ധതികളെല്ലാം പെട്ടെന്നു മാറി. അയാക്‌സിന്റെ അക്കാദമി ലോക പ്രശസ്തമാണ്. അവർ നൽകിയ കരാറായിരുന്നു കൂടുതൽ തുകയുടേത്. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അവസരമുണ്ടായിരുന്നു. എന്നിട്ടും അധികമറിയപ്പെടാത്ത വാറ്റ്ഫഡിന്റെ ലളിതമായ സാഹചര്യങ്ങളാണ് റിച്ചാർലിസൻ തെരഞ്ഞെടുത്തത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുക എന്ന സ്വപ്‌നത്തിനു മുന്നിൽ ഒന്നും തടസ്സമായില്ല.

സ്വപ്‌നമോ യാഥാർഥ്യമോ?

വാറ്റ്ഫഡിനു വേണ്ടി ആദ്യ 13 കളികളിൽ ഒമ്പതു ഗോളടിച്ചു. ലിവർപൂളിനെതിരായ ആദ്യ കളിയിൽ റിസർവ് ബെഞ്ചിലായിരുന്നു. ബ്രസീലിലെ കളിയല്ല ഇംഗ്ലണ്ടിലേത് എന്ന് ആദ്യ ദിനം മനസ്സിലായി. ഇവിടെ 90 മിനിറ്റും ഓടണം. കഠിനമായ പരിശീലനം വേണം. ബോൺമൗത്തിനെതിരെയാണ് ആദ്യ ഗോളടിച്ചത്. നിറഞ്ഞ ഗാലറിയിൽ നിന്ന് റിച്ചാർലിസൻ എന്ന വിളി കേട്ടപ്പോൾ വികാരഭരിതനായി. മാഞ്ചസ്റ്റർ യുനൈറ്റഡിനെതിരെ കളിക്കുമ്പോൾ മറു പകുതിയിൽ സ്ലാറ്റൻ ഇബ്രഹിമോവിച്ചിനെ കണ്ടപ്പോൾ സ്വപ്‌നമാണോ യാഥാർഥ്യമാണോ എന്ന് തിരിച്ചറിഞ്ഞില്ല.
വേറൊരു പ്രശ്‌നം റിച്ചാർലിസൻ അനുഭവിച്ചു. ഇംഗ്ലണ്ടിലെ ഭക്ഷണം പിടിച്ചില്ല. അഞ്ചു കിലോയോളം ഭാരം കുറഞ്ഞു.  ഹോട്ടലിൽ താമസിക്കുകയും ഹാംബർഗർ മാത്രം തിന്നുകയുമായിരുന്നു അക്കാലത്ത്. 
ഹാംബർഗറായിരുന്നു അൽപമെങ്കിലും ബ്രസീലിലെ ഭക്ഷണത്തോട് സാമ്യമുണ്ടായിരുന്നത്. വൈകാതെ എന്റെ ഏജന്റും ഭാര്യയും ഒരു വീടെടുത്ത് എന്നെ കൂട്ടി. ബ്രസീലിൽ നിന്നുള്ള ഇറച്ചി കൊണ്ടുവരുന്ന ഒരാളെ കണ്ടുപിടിച്ചു. ബീഫ് സ്റ്റൂവിന്റെ രുചി റിച്ചാർലിസനിൽ വീണ്ടും ഊർജം നിറച്ചു. പരിശീലന ഗ്രൗണ്ട് റിച്ചാർലിസന് രണ്ടാം വീടായി.


വേണ്ടെന്നു വെച്ച നെയ്മാറിന്റെ വിരുന്ന്...

ബാല്യകാല ഹീറോ നെയ്മാറിന്റെ ക്ഷണം പോലും പരിശീലനം വിടാൻ റിച്ചാർലിസനെ പ്രേരിപ്പിച്ചില്ല. ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ടിനെ നേരിടാനാണ് നെയ്മാർ ബ്രസീൽ ടീമിനൊപ്പം ലണ്ടനിലെത്തിയത്. രാത്രി കൂട്ടുകാരുമൊത്ത് പുറത്തു പോകാൻ ക്ഷണിച്ചു. അതൊരു അവസരമായിരുന്നു. കുട്ടിക്കാലത്ത് നെയ്മാറിനെയാണ് അനുകരിച്ചത്, ഹെയർ സ്‌റ്റൈലിൽ പോലും. പക്ഷേ വാറ്റ്ഫഡിന്റെ കളിയുണ്ടായിരുന്നതിനാൽ എനിക്ക് വിശ്രമം വേണമായിരുന്നു. പിറ്റേന്ന് പരിശീലനമുണ്ടായിരുന്നു. അതിനാൽ ആ ക്ഷണം നിരസിക്കേണ്ടി വന്നു. 
ഇംഗ്ലണ്ടിലെ പരിശീലനം കടുകട്ടിയാണ്. കളിക്കാർ കടുകിട വിടില്ല. ഓരോ തവണ പന്ത് കാലിലെത്തുമ്പോഴും ഞാൻ ചാടും. ഇല്ലെങ്കിൽ ചവിട്ട് കിട്ടും. കഠിനാധ്വാനത്തിന് ഫലം കിട്ടി. റൊണാൾഡോയുടെ തുടക്ക കാലവുമായി റിച്ചാർലിസൻ താരതമ്യം ചെയ്യപ്പെട്ടു. പ്രീമിയർ ലീഗിൽ വാറ്റ്ഫഡ് എട്ടാം സ്ഥാനത്തേക്കുയർന്നു. ജീവിതം സുഖകരമായി. അപ്പോഴാണ് എവർടൻ താൽപര്യം പ്രകടിപ്പിച്ചത്. ആശയക്കുഴപ്പത്തിൽ വാറ്റ്ഫഡിന് വഴി തെറ്റി. കോച്ച് തെറിച്ചു. അത് റിച്ചാർലിസന് വലിയ തിരിച്ചടിയായി. കോച്ച് മാർക്കോസ് സിൽവയെ അത്രക്ക് വിശ്വാസമായിരുന്നു റിച്ചാർലിസന്. വാറ്റ്ഫഡ് വിടാൻ തീരുമാനിച്ചത് ആ നിമിഷത്തിലായിരുന്നു. ഭാഗ്യത്തിന് എവർടൻ കോച്ചായി വന്നത് മാർക്കോസ് സിൽവയായിരുന്നു. അദ്ദേഹം ആദ്യം ടീമിലെടുത്തത് റിച്ചാർലിസനെയായി. 
ഇംഗ്ലണ്ടിലേക്ക് ഞാൻ വന്നത് ചരിത്രം സൃഷ്ടിക്കാനാണ്, ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ, പ്രീമിയർ ലീഗിൽ ടോപ് സ്‌കോററാവാൻ. പക്ഷേ എന്റെ സ്വപ്‌നം ബ്രസീലിന്റെ മഞ്ഞ ജഴ്‌സിയാണ്. ബ്രസീൽ ജഴ്‌സിയിൽ റിച്ചാർലിസൻ യാത്ര തുടങ്ങിക്കഴിഞ്ഞു. ദുരിതങ്ങളും കഷ്ടപ്പാടുകളും താണ്ടിയ യാത്ര...
 

Latest News