കുവൈത്ത് സിറ്റി- ഏഴാം നിലയിൽനിന്ന് വേലക്കാരി വീഴുന്നതിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും യുവതിയെ രക്ഷപ്പെടുത്തുന്നതിന് മിനക്കെടാതിരിക്കുകയും ചെയ്ത വീട്ടമ്മയെ കുവൈത്ത് കോടതി 20 മാസം തടവിന് ശിക്ഷിച്ചു.
ജനൽ വഴി രക്ഷപ്പെടുന്നതിന് ശ്രമിക്കുന്നതിനിടെയാണ് വേലക്കാരി നിലംപതിച്ചത്. ജനൽ വഴി പുറത്തു കടന്ന വേലക്കാരിക്ക് അപകടം കൂടാതെ താഴെയിറങ്ങുന്നതിനോ ഫ് ളാറ്റിലേക്ക് തന്നെ തിരിച്ചു കയറുന്നതിനോ സാധിച്ചിരുന്നില്ല. യുവതി ഏഴാം നിലയിലെ ജനലിൽ പിടിച്ച് വാവിട്ട് കരഞ്ഞ് വീട്ടമ്മയായ കുവൈത്തി വനിതയുടെ സഹായം തേടിയെങ്കിലും യുവതിയെ രക്ഷിക്കുന്നതിന് ഇവർ തുനിഞ്ഞില്ല. പകരം ഇതിന്റെ ദൃശ്യങ്ങൾ വീട്ടമ്മ ക്യാമറയടങ്ങിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ചിത്രീകരിക്കുകയായിരുന്നു. ഇതിനിടെ യുവതി പിടിവിട്ട് നിലത്ത് വീഴുകയും ചെയ്തു. ഭാഗ്യവശാൽ തകര മേൽക്കൂരക്കു മുകളിലാണ് യുവതി വീണത്. ഗുരുതരമായ പരിക്കുകളോടെ യുവതി രക്ഷപ്പെടുകയായിരുന്നു.
2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. സ്വബാഹ് അൽസാലിം ഏരിയയിൽ ഏഴാം നിലയിലെ ജനൽ വഴി ചാടി എത്യോപ്യക്കാരിയായ വേലക്കാരി ആത്മഹത്യക്ക് ശ്രമിച്ചതായി കുവൈത്തി വനിത ആഭ്യന്തര മന്ത്രാലയത്തിന്റെ കൺട്രോൾ റൂമിൽ അറിയിക്കുകയായിരുന്നു. തനിക്ക് വേലക്കാരിയെ രക്ഷിക്കുന്നതിന് കഴിയില്ലെന്നും യുവതിയെ പിടിച്ചുവലിച്ച് ഫഌറ്റിലേക്ക് കയറ്റുന്നതിന് ശ്രമിച്ചാൽ വേലക്കാരിക്കൊപ്പം താനും താഴേക്ക് വീഴുമെന്ന് ഭയന്നതായും വീട്ടമ്മ സുരക്ഷാ വകുപ്പുകളെ അറിയിച്ചു. തന്റെ ഭാഗത്ത് കുറ്റമില്ലെന്ന് തെളിയിക്കുന്നതിനു വേണ്ടിയാണ് യുവതി ജനലിൽ പിടിച്ച് തൂങ്ങിനിൽക്കുന്നതിന്റെയും താഴേക്ക് വീഴുന്നതിന്റെയും ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നും വീട്ടമ്മ വാദിച്ചു. അപകടാവസ്ഥയിലുള്ള വേലക്കാരിയെ രക്ഷിക്കുന്നതിന് കൂട്ടാക്കിയില്ല എന്ന ആരോപണമാണ് കുവൈത്തി വനിതക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്.