Sorry, you need to enable JavaScript to visit this website.

ഭീകര പട്ടികയിൽ ഉൾപ്പെട്ട സഹോദരങ്ങളിൽ ഒരാൾ കീഴടങ്ങി, രണ്ടാമൻ കൊല്ലപ്പെട്ടു

ദമാം- ആഭ്യന്തര മന്ത്രാലയം ആറു വർഷം മുമ്പ് പ്രഖ്യാപിച്ച ഭീകര പട്ടികയിൽപെട്ട സഹോദരങ്ങളിൽ ഒരാൾ സുരക്ഷാ വകുപ്പുകൾക്കു മുന്നിൽ കീഴടങ്ങി ജീവൻ രക്ഷിച്ചപ്പോൾ രണ്ടാമൻ കീഴടങ്ങുന്നതിന് കൂട്ടാക്കാതെ സുരക്ഷാ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടേണ്ട 23 ഭീകരരുടെ പേരു വിവരങ്ങളും ഫോട്ടോകളും 2012 ലാണ് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടത്. ഇക്കൂട്ടത്തിൽ സഹോദരന്മാരായ അലി ബിൻ ഹസൻ ആലു സായിദും മുഹമ്മദ് ബിൻ ഹസൻ ആലുസായിദുമുണ്ടായിരുന്നു. അലി ആലുസായിദ് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കുടുംബാംഗങ്ങൾക്കൊപ്പം കിഴക്കൻ പ്രവിശ്യാ ഗവർണറേറ്റ് ആസ്ഥാനത്ത് എത്തി കീഴടങ്ങി. ആഭ്യന്തര മന്ത്രാലയം ഭീകര പട്ടികയിൽ പെടുത്തിയതിനെ തുടർന്ന് അഞ്ചു വർഷവും ഒമ്പതു മാസവും കടുത്ത ദുരിതത്തിലാണ് കഴിഞ്ഞതെന്നും ഇക്കാലയളവിൽ കടുത്ത ഭീതിയിലും ജീവൻ രക്ഷിക്കുന്നതിനുള്ള മരണപ്പാച്ചിലിലുമായിരുന്നെന്ന് കീഴടങ്ങുന്നതിനു തൊട്ടു മുമ്പ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിൽ 36 കാരനായ അലി ആലു സായിദ് പറഞ്ഞു. കീഴടങ്ങുന്ന ഭീകരരുടെ കേസ് പ്രത്യേകം പരിഗണിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്. ഭീകരർക്ക് അഭയവും മറ്റു സഹായ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. 
അലി ആലുസായിദ് അധികൃതർക്കു മുന്നിൽ കീഴടങ്ങിയെങ്കിലും ഇളയ സഹോദരനും 29 കാരനുമായ മുഹമ്മദ് ആലുസായിദ് ഒളിവു ജീവിതവും ഭീകര പ്രവർത്തനങ്ങളും തുടർന്നു. ആറു വർഷക്കാലം പലയിടങ്ങളിലായി ഒളിച്ചു കഴിഞ്ഞ മുഹമ്മദ് ആലുസായിദ് കഴിഞ്ഞ ബുധനാഴ്ച ഖത്തീഫ് അൽകുവൈകിബ് ഡിസ്ട്രിക്ടിലുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. ഇയാൾക്കൊപ്പം മറ്റു രണ്ടു ഭീകരർ കൂടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.

Latest News