അല്‍വാര്‍- രാജസ്ഥാനിലെ അല്‍വാറില്‍ ഹിന്ദുത്വ ഗോരക്ഷാ ഗുണ്ടകള്‍ ക്ഷീരകര്‍ഷകന്‍ പെഹ്‌ലു ഖാനെ കൊലപ്പെടുത്തിയ കേസിലെ സാക്ഷികള്‍ക്കു നേരെ അജ്ഞാതരുടെ വെടിവയ്പ്പ്. കേസുമായി ബന്ധപ്പെട്ട് ബെഹ്‌റോര്‍ കോടതിയില്‍ മൊഴി നല്‍കാന്‍ പോകുന്നതിനിടെയാണ് ശനിയാഴ്ച അല്‍വാറിലെ ദേശീയ പാത എട്ടില്‍ കാറില്‍ സഞ്ചരിക്കുന്നതിനിടെ വെടിവയ്പ്പുണ്ടായതെന്ന് അഭിഭാഷകന്‍ അസദ് ഹയാത്ത് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപോര്‍ട്ട് ചെയ്യുന്നു. കേസില്‍ സാക്ഷികളായ പെഹ്‌ലുഖാന്റെ മക്കളായ ഇര്‍ഷാദ്, ആരിഫ്, സാക്ഷികളായ അസ്മത്ത്, റഫീഖ് എന്നിവരും ഡ്രൈവറുമാണ് തന്നെ കൂടാതെ കാറിലുണ്ടായിരുന്നതെന്ന് അഭിഭാഷകന്‍ പറഞ്ഞു. യാത്രയ്ക്കിടെ ഒരു കറുത്ത നിറത്തിലുള്ള സ്‌കോര്‍പിയോ കാര്‍ തങ്ങളെ മറികടക്കാന്‍ ശ്രമിക്കുകയും കാറിന് ബ്ലോക്കിടുകും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ആക്രമികളുടെ വാഹനത്തിന്് നമ്പര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല.
ആക്രമികള്‍ തങ്ങളുടെ കാറിനൊപ്പം വന്ന് കാര്‍ നിര്‍്ത്താന്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചുവെന്നും എന്നാല്‍ നമ്പര്‍ പ്ലേറ്റില്ലാത്ത വാഹനമാണെന്നറിഞ്ഞതോടെ നിര്‍ത്താതെ വിടുകയുമായിരുന്നെന്ന് ഇര്‍ഷാദ് പറഞ്ഞു. ഇതോടെ തങ്ങളെ മറികടന്നെത്തിയ ആക്രമികള്‍ കാര്‍ തടയാന്‍ ശ്രമിക്കുകയും നിറയൊഴിക്കുകയായിരുന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ വേഗത്തില്‍ യു ടേണ്‍ എടുത്ത് വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നെന്നും ഇര്‍ഷാദ് പറഞ്ഞു. ആക്രമികളുടെ വാഹനം ബെഹറോര്‍ ഭാഗത്തേക്ക് പോയെങ്കിലും ഞങ്ങള്‍ ഗ്രാമങ്ങളിലൂടെ കുറുക്കുവഴികള്‍ പിടിച്ച്് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കു പോയെന്നും ഇര്‍ഷാദ് പറഞ്ഞു.
പെഹ്‌ലുഖാന്റെ സ്വദേശമായ ഹരിയാനയിലെ നൂഹില്‍ നിന്നും ബെഹ്‌റോറിലേക്ക് വരികയായിരുന്നു ഇവര്‍. ബെഹ്‌റോര്‍ പോലീസില്‍ തങ്ങള്‍ക്ക് വിശ്വാസമില്ലെന്നും കേസില്‍ അറസ്റ്റിലായ ആറു പ്രതികളേയും കുറ്റവിമുക്തരാക്കി വിട്ടയച്ചത് അവരാണെന്നും സാക്ഷികള്‍ പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് കോടതിയില്‍ മൊഴി നല്‍കാന്‍ എങ്ങനെ കഴിയും? അതുകൊണ്ടാണ് ഞങ്ങല്‍ എസ്.പിയെ നേരിട്ട് സമീപിച്ചത്. ഈ കേസ് ബെഹ്‌റോറില്‍ നിന്ന് അല്‍വാറിലേക്ക് മാറ്റണം- ഇര്‍ഷാദ് പറഞ്ഞു.
2017 ഏപ്രില്‍ ഒന്നിലാണ് രാജസ്ഥാനിലെ അല്‍വാറില്‍ വച്ച് പെഹ് ലുഖാന്‍ ആ്ക്രമിക്കപ്പെട്ടത്. അനധികൃത കാലിക്കടത്ത് ആരോപിച്ചായിരുന്നു ഗോരക്ഷാ ഗുണ്ടകളുടെ ആള്‍ക്കൂ്ട്ടം വാഹനം തടഞ്ഞ് പെഹ്‌ലുഖാനേയും വാഹനത്തിലുണ്ടായരുന്നവരേയും ആക്രമിച്ചത്. പെഹ്‌ലുഖാന്‍ പിന്നീട് മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അസ്മത്തിനേയും റഫീഖിനേയും ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദിച്ചിരുന്നു.