പലു- ഇന്തോനേഷ്യൻ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരണം നാന്നൂറ് കവിഞ്ഞതായി റിപ്പോർട്ട്. സുനാമി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രദേശത്തെ ആശുപത്രികളിൽ പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ ദുരന്ത നിവാരണ സേന പറയുന്നത് 384 മരണം സ്ഥിരീകരിച്ചുവെന്നാണ്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. ഇന്നലെയും ഈ മേഖലയിൽ ഭൂകമ്പമുണ്ടായിരുന്നു. ഒന്നരമീറ്റർ ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ചിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് നൂറുകണക്കിനാളുകൾ ബീച്ച് ഫെസ്റ്റിവലിന് ഒരുങ്ങന്നതിനിടെയാണ് ഭൂകമ്പമുണ്ടായത്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. ആശുപത്രികൾ നിറഞ്ഞുകവിഞ്ഞതിനാൽ പലരെയും തുറന്നസ്ഥലത്താണ് ചികിത്സിക്കുന്നത്. നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതിന്റെയും ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ഇക്കഴിഞ്ഞ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഇവിടെ ഭൂകമ്പമുണ്ടായിരുന്നു.