ഗസ സിറ്റി- ഗസ അതിര്‍ത്തിയില്‍ വെള്ളിയാഴ്ച ഉണ്ടായ സംഘര്‍ഷത്തിനിടെ ഇസ്രഈലി സേന ഒരു കൗമാരക്കാരന്‍ ഉള്‍പ്പെടെ ആറു ഫലസ്തീനികളെ വെടിവച്ചു കൊന്നു. വിവിധയിടങ്ങളിലായുണ്ടായ വെടിവയ്പ്പിലാണ് ഇവര്‍ മരിച്ചത്. ഇസ്രാഈല്‍ കടന്നു കയറ്റത്തിനെതിരെ മാര്‍ച്ച് മുതല്‍ ഫലസ്തീനികള്‍ നടത്തുന്ന ആഴ്ചതോറുമുള്ള പ്രതിഷേധ പ്രകടനത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഗസ ബോര്‍ഡറില്‍ വെള്ളിയാഴ്ചകളിലാണ് ഫലസ്തീനികളുടെ പ്രതിഷേധം ഉണ്ടാകാറുള്ളത്. ഇപ്പോള്‍ ഇസ്രാഈല്‍ അതിര്‍ത്തിക്കുള്ളിലായ തങ്ങളുടെ വീടുകളിലേക്ക് മടങ്ങി പോകാന്‍ ഫലസ്തീന്‍ അഭയാര്‍ത്ഥികളെ അനുവദിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ ഫലസ്തീനികളെ കൂട്ടത്തോടെ തിരിച്ചുവരാന്‍ ഇസ്രാഈല്‍ അനുവദിക്കുന്നില്ല. ഗസ നിയന്ത്രിക്കുന്ന ഹമാസ് ഭരണകൂടമാണ് ഫല്‌സ്തീനികളെ ഇളക്കി വിടുന്നതെന്നാണ് ഇസ്രാഈല്‍ ആരോപണം.