ലഖ്‌നൗ- കൈ കാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്നാരോപിച്ച് യു.പിയിൽ മൾട്ടി നാഷണൽ കമ്പനിയുടെ ജീവനക്കാരനെ പോലീസ് വെടിവെച്ചുകൊന്നു. ഇന്ന് പുലർച്ചെയാണ് സംഭവം. വാഹനപരിശോധനക്കിടെ ഇന്ന് പുലർച്ചെ ഒന്നരക്ക് ഗോമതി നഗർ ഏരിയയിലാണ് സംഭവം. എസ്.യു.വിയുടെ ഡ്രൈവർ വിവേക് തിവാരിയാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തന്റെ മുൻ സഹപ്രവർത്തകനൊപ്പം വരികയായിരുന്ന തിവാരിയുടെ വാഹനത്തിന് നേരെ പോലീസ് കൈകാണിച്ചെങ്കിലും വാഹനം നിർത്തിയില്ലെന്നും പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചെന്നുമാണ് പോലീസ് ആരോപിക്കുന്നത്. പോലീസുകാരുടെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച ശേഷം അടുത്തുള്ള മതിലിൽ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. എന്നാൽ, പോലീസ് പറയുന്നത് പച്ചക്കള്ളമാണെന്നാണ് തിവാരിക്കൊപ്പമുണ്ടായിരുന്നയാൾ പറയുന്നത്. പോലീസ് തങ്ങളെ കൈ കാണിച്ചിരുന്നുവെന്നും എന്നാൽ ഇത് പോലീസുകാർ തന്നെയാണോ എന്ന് വ്യക്തമല്ലാത്തതിനാൽ ഒരു വശത്തിലൂടെ കാർ ഓടിച്ചുപോകാൻ ശ്രമിച്ചതായിരുന്നു. ഇതിനിടെയാണ് പോലീസ് വെടിവെപ്പ് നടത്തിയതെന്നും ഇദ്ദേഹം പറഞ്ഞു. കാറിൽ ആയുധധാരികളുണ്ടെന്നും അവർ തങ്ങളെ അപായപ്പെടുത്തുമെന്നും ഭയന്നതുകൊണ്ടാണ് സ്വയം പ്രതിരോധത്തിനായി വെടിവെച്ചത് എന്നാണ് പോലീസ് പറയുന്നത്. പ്രശാന്ത് കുമാർ എന്ന പോലീസുകാരനാണ് വെടിയുതിർത്തത്. പോലീസുകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്നും അധികൃതർ അറിയിച്ചു.