ന്യൂദൽഹി- പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ബി.ജെ.പി അധ്യക്ഷൻ അമിത് ഷാക്കും മഹാസഖ്യമുണ്ടെന്ന് കോൺഗ്രസ്. ഇന്ത്യയെ വഞ്ചിക്കുകയും രാജ്യത്തിന്റെ സുരക്ഷയെ തകർക്കുകയുമാണ് മോഡിയും ബി.ജെ.പിയും ചെയ്യുന്നതെന്നും ഇത് ഐ.എസ്.ഐയുമായി ചേർന്നാണെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. പത്താൻകോട്ടിലെ വ്യോമതാവളം അക്രമിച്ച ശേഷം ഐ.എസ്.ഐയെ പത്താൻകോട്ടിലേക്ക് ക്ഷണിച്ചതിന് മോഡിയും ബി.ജെ.പിയും രാജ്യത്തോട് മാപ്പ് പറയണമെന്നും സുർജേവാല ആവശ്യപ്പെട്ടു. പാക്കിസ്ഥാനിൽ മിന്നലാക്രമണം നടത്തുകയും അതിർത്തികാക്കുകയും ചെയ്യുന്ന പട്ടാളക്കാരുടെ മനോവീര്യത്തെ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്ന തരംതാണ കളി ബി.ജെ.പിയും കേന്ദ്രസർക്കാറും അവസാനിപ്പിക്കണം. മോഡിയും അമിത്ഷായും പാക്കിസ്ഥാനിലെ ഐ.എസ്.ഐയുമായി മഹാസഖ്യത്തിലാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി മോഡി വരണമെന്നത് തങ്ങളുടെ വലിയ അഭിലാഷങ്ങളിൽ ഒന്നായിരുന്നുവെന്ന ഐ.എസ്.ഐ മുൻ മേധാവി അസദ് ദുരാനിയുടെ വാക്കുകളാണ് തന്റെ വാദത്തിന് ബലമേകാൻ സുർജേവാല ഉന്നയിച്ചത്. പത്താൻകോട്ടിലെ വ്യോമതാവളം അക്രമിച്ചതിൽ ഐ.എസ്.ഐക്ക് പങ്കുണ്ടെന്ന് വ്യക്തമായ ശേഷവും അവിടേക്ക് ഐ.എസ്.ഐ ക്ഷണിച്ചതും ഈ മഹാസഖ്യത്തിന് തെളിവാണ്. ഐ.എസ്.ഐ അംഗം അടക്കമുള്ളവരാണ് പത്താൻകോട്ടിൽ അന്വേഷണത്തിനായി എത്തിയത്. എന്ത് അടിസ്ഥാനത്തിലാണ് ഐ.എസ്.ഐയെ പത്താൻകോട്ടിലേക്ക് ക്ഷണിച്ചതെന്നതിന് മോഡി രാജ്യത്തോട് കൃത്യമായ മറുപടി പറയണമെന്നും സുർജേവാല ആവശ്യപ്പെട്ടു.