കണ്ണൂര്‍ - മയ്യിലിലെ കാലടി പള്ളി അക്രമവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലടക്കം കുപ്രചരണം നടത്തുന്നിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണെന്ന് മഹല്ല് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ജില്ലാ പോലീസ് സൂപ്രണ്ടിനടക്കം പരാതി നല്‍കുമെന്ന് കമ്മിറ്റി ഭാരഹവാഹികള് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ട് വര്‍ഷം മുമ്പാണ് പള്ളിക്കുനേരെ കല്ലേറ് നടന്നത്. ഈ സംഭവത്തില്‍ അന്നു തന്നെ കമ്മിറ്റി പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണത്തില്‍ ശാസ്ത്രീയ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് പിന്‍വലിക്കുകയായിരുന്നു. രണ്ട് വര്‍ഷത്തിനു ശേഷം, സംഭവ സമയത്ത് ഇവിടെയില്ലാതിരുന്ന ആളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് വീണ്ടും കേസ് റജിസ്റ്റര്‍ ചെയ്തത്. മഹല്ല് കമ്മിറ്റി ഉപദേശക സമിതി ചെയര്മാന് മൊയ്തു നിസാമിയെ പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് അറസ്റ്റു രേഖപ്പെടുത്തുകയും സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പള്ളി അക്രമത്തില്‍ മൊയ്തു നിസാമിയെ അറസ്റ്റു ചെയ്തുവെന്ന വാര്‍ത്തയാണ് പ്രചരിപ്പിച്ചത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്.
സംഭവത്തില്‍ യഥാര്‍ഥ പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കും. വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിക കൈക്കൊള്ളുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കമ്മിറ്റി ഉപദേശക സമിതി ചെയര്മാന് മൊയ്തു നിസാമി, പ്രസിഡണ്ട് പി.അബ്ദുറഹ് മാന്‍, സെക്രട്ടറിമാരായ മുസ്തഫ ഹാജി, മഹമൂദ് ഹാജി, റഫീഖ്.കെ.കെ, അയ്യൂബ് പി.വി. എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
അതേസമയം, കാലടി സ്വദേശിയും മുസ്്ലിം യൂത്ത് ലീഗ് നേതാവുമായ അലസന് ഖാദര്‍ എന്ന അബ്ദുല്‍ ഖാദര്‍ (28), മൊയ്തു നിസാമി (38) എന്നിവരെ അറസ്റ്റ് ചെയ്തോടെ തങ്ങളാണ് പള്ളി ആക്രമണത്തിനു പിന്നിലെന്ന പ്രചാരണം പൊളിഞ്ഞുവെന്ന് സി.പി.എം പ്രവര്‍ത്തകര്‍ പറയുന്നു.
പള്ളിക്കുനേരെ അക്രമം നടത്തിയതിനുശേഷം സി.പി.എം പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവച്ചു മുതലെടുക്കാനുള്ള വ്യാപക ശ്രമവും മതസ്പര്‍ധ വളര്‍ത്താനുമുളള നീക്കവുമുണ്ടായെന്ന് സി.പി.എം പറയുന്നു.
2016 മെയ് ഒന്നിന് അബ്ദുറഹ്മാന് സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി കാലടിയില്‍ നടത്തിയ പൊതുയോഗം നടക്കുന്നതിനിടെയാണ് പള്ളിക്കുനേരെ അക്രമമുണ്ടായത്. മുഖ്യധാര പത്രാധിപന് സഹീദ് റൂമി പ്രസംഗിക്കുന്നതിനിടെ മുസ്്ലിം ലീഗുകാര്‍ക്ക് സ്വാധീനമുള്ള പ്രദേശത്ത് നടന്ന പരിപാടി അലോങ്കോലപ്പെടുത്താന് കല്ലെറിയുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തു. സംഭവത്തില്‍ സൊസൈറ്റി പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കും രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു.
തുടര്‍ന്ന് രാത്രി ഒമ്പതിനും പത്തിനും ഇടയിലാണ് കാലടിയിലെ ജുമാമസ്ജിദിന് നേരെ കല്ലേറുണ്ടായത്. പള്ളിക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം അബ്ദുറഹ്മാന് സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മറ്റും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷിക്കാന്‍ കണ്ണൂര്‍ ഡിവൈ.എസ്.പി പി.പി സദാനന്ദന് ഉത്തരവിട്ടതെന്നും സി.പി.എം വൃത്തങ്ങള്‍ പറയുന്നു.