തിരുവനന്തപുരം- ഇടുക്കി ദേവീകുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടറാമിനെതിരെ മോശം പ്രസ്താവന നടത്തിയ മന്ത്രി എം.എം മണിക്കെതിരെ പരോക്ഷ വിമർശനവുമായി സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ രംഗത്ത്. ഇരിക്കുന്ന പദവിയുടെ മഹത്വമറിയാതെ എന്തും വിളിച്ചുപറയുന്നവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുമെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വാർത്തകൾക്ക് വേണ്ടി എന്തും വിളിച്ചുപറയുന്നവർ ഇരിക്കുന്ന കസേരയുടെ മഹത്വം പരിഗണിക്കുന്നില്ല. വിവരക്കേട് പറയുന്നവർക്ക് മറുപടി പറയാൻ താനാളല്ലെന്നും പന്ന്യൻ പറഞ്ഞു.
മണിയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസും ബി.ജെ.പിയും രംഗത്തെത്തി. കയ്യേറ്റഭൂമിയിലെ കുരിശ് നീക്കിയ നടപടി തെറ്റാണെങ്കിലും ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാടുകൾ ആത്മാർത്ഥതയില്ലാത്തതാണെന്നും കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ പറഞ്ഞു.
സഭ്യതയുടെയും സാമാന്യ മര്യാദയുടേയും സർവ്വസീമകളും ലംഘിച്ച് മന്ത്രി എം.എം മണി ദേവികുളം സബ് കളക്ടർക്കെതിരെ നടത്തിയ പരാമർശം മന്ത്രിസഭയ്ക്കും ജനങ്ങൾക്കും അപമാനകരമാണെന്നും ഇതു പോലൊരു മന്ത്രി കേരളത്തിലുണ്ടല്ലോ എന്നോർത്ത് നാട് ലജ്ജിക്കേണ്ട അവസ്ഥയിലാണെന്നും കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം സുധീരൻ പറഞ്ഞു. നിയമവ്യവസ്ഥയെത്തന്നെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന കൈയേറ്റമാഫിയയെ രക്ഷിക്കാനാണ് ഈ വെപ്രാളമെല്ലാം മന്ത്രി കാണിക്കുന്നത്.
മന്ത്രി മണിയുമായി ആലോചിച്ചേ കൈയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രിയുടെ നിർദേശം മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും കൈയ്യേറ്റലോബിക്ക് ഒപ്പമാണ് എന്ന സന്ദേശമാണ് ആവർത്തിച്ചു നൽകുന്നത്.
നിയമലംഘകരായ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന ശക്തമായ ജനവികാരമാണ് ഉയർന്ന് വന്നിട്ടുള്ളത്. ഇതിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിനാണ് പിണറായി-മണി കൂട്ടുകെട്ട് വർഗീയവികാരം ഇളക്കിവിടുന്നതും രാഷ്ട്രീയ തർക്കങ്ങൾ ഉണ്ടാക്കുന്നതും ഉദ്യോഗസ്ഥരെ തരംതാഴ്ന്ന നിലയിൽ ശകാരിക്കുന്നതും. എതിർപ്പുകളെ അവഗണിച്ച് കൈയേറ്റ മാഫിയയിൽ നിന്നും നാടിനെ രക്ഷിക്കുന്നതിന് ജനതാൽപര്യം മുൻനിർത്തിയുള്ള ശക്തമായ നടപടികളുമായി റവന്യൂ വകുപ്പ് മന്ത്രി മുന്നോട്ട് പോകുമെന്നാണ് ഏവരും കരുതുന്നത്. അതിനുള്ള ഇച്ഛാശക്തിയാണ് ജനങ്ങൾ മന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സുധീരൻ പറഞ്ഞു.