പനജി- ഇംഗ്ലീഷ് മനസ്സ് ഒരു രോഗമാണെന്നും ഇംഗ്ലീഷ് ഭാഷയല്ല പ്രശ്‌നമെന്നും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഹിന്ദി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി സംഘടപ്പിച്ച പരിപാടിയില്‍ നേരത്തെ ഇംഗ്ലീഷ് ഭാഷ ബ്രിട്ടീഷുകാര്‍ ഇവിടെ ഉപേക്ഷിച്ചു പോയ രോഗമാണെന്ന് വെങ്കയ്യ പറഞ്ഞതായി റിപോര്‍ട്ടുണ്ടായിരുന്നു. ഇതിനു തിരുത്തുമായാണ് അദ്ദേഹമിപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മാതൃഭാഷ സംരക്ഷിക്കുന്നതിനേയും പ്രോത്സാഹിപ്പിക്കുന്നതിനേയും കുറിച്ച് സംസാരിക്കുന്നതിനിടെ ഇംഗ്ലീഷ് ഭാഷ രോഗമാണെന്ന് ഞാന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ എഴുതിയത് ശരിയല്ല. ഇംഗ്ലീഷ് അല്ല രോഗം, ബ്രിട്ടീഷുകാരില്‍ നിന്നും കൈമാറിക്കിട്ടിയ ഇംഗ്ലീഷ് ചിന്താരീതിയാണ് രോഗം- വെങ്കയ്യ പറഞ്ഞു. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബിരുദദാന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടിഷുകാരെല്ലാം പോയി. പക്ഷെ അവര്‍ ഇവിടെ ഒരു അപകര്‍ഷതാ ബോധം സൃഷ്ടിച്ചു. ബ്രിട്ടൂഷുകാരാണ് മഹത്തരം വിദേശികളാണ് മികച്ചവര്‍, നാം ഒന്നുമല്ല എന്ന ഒരു ചിന്ത അവരിവിടെ പ്രചരിപ്പിച്ചു. ഈ ചിന്താഗതിയില്‍ നിന്ന് നാം പുറത്തു വരണം. ഇതു നമ്മെ നശിപ്പിച്ചു. സാമ്പത്തികമായി മാത്രമല്ല മാനസികമായും നമ്മെ ഇത് തളര്‍ത്തി. ചിലര്‍ ഇപ്പോഴും ഈ രോഗം കൊണ്ട് വലയുന്നുണ്ട്. ഇന്ത്യക്കാര്‍ രാജ്യത്തിന്റെ സമ്പന്ന പൈതൃകത്തില്‍ അഭിമാനം കൊള്ളണമെന്നും സ്വന്തം വേരുകള്‍ തേടിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു.